തിരുവനന്തപുരം: കറുത്ത ചേലചുറ്റി, ലാവ മുത്തുകള്‍ മാലയാക്കി, വെള്ളി തൃശൂലമേന്തി, അങ്ങ് യൂറോപ്പില്‍ നിന്ന് ഒരു ശനീശ്വര ദേവനെത്തുന്നു. വിശ്വാസികള്‍ ‘ശനി ബാബ ‘ എന്ന് വിളിക്കുന്ന അന്താരാഷ്‌ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശിയാണ് ആഗസ്റ്റില്‍ തലസ്ഥാനത്ത് എത്തുന്നത്.
വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്‌ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു. ഭാരത ചരിത്രത്തിലെ ആദ്യ ‘മഹാരുദ്ര ഭൈരവീയാഗം…!’ ശ്രീപരമേശ്വരനും ശ്രീഭദ്രയും അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനാണ് സ്വാമി ദേവേന്ദ്ര സൂര്യവംശി തലസ്ഥാനത്ത് എത്തുന്നത്. ലോകത്തെ 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ ‘ശനി ബാബ’ ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാര്‍മ്മികനാവുന്നത്.
യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യവംശി അഖാഡയ്‌ക്ക് ലോകത്താകമാനം 11 ലക്ഷം ശനീശ്വര സന്യാസിമാര്‍ അനുയായികളായുണ്ട്.ആഗസ്റ്റ് അവസാനവാരം മഹാസൂര്യവംശി അഖാഡ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഈ മഹായാഗത്തിന് ഏത് മഹാക്ഷേത്രമാണ് യാഗശാലയാവുന്നത് എന്നത് തീരുമാനമായിട്ടില്ല. നിരവധി ക്ഷേത്രങ്ങള്‍ യാഗവേദിയാവാന്‍ ദേവഹിതം തേടിയെത്തിയിട്ടുണ്ട്. ജ്യോതിഷ, വാസ്തുശാസ്ത്ര വിധിയിലൂടെ ഉടന്‍ യാഗഭൂമി നിശ്ചയിക്കുമെന്ന് സൂര്യവംശി അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: