കാട്ടാക്കട: കവി മുരുകന് കാട്ടാക്കടയുടെ പേര് അവതാരകന് തെറ്റിച്ചു. തെറ്റ് ചൂണ്ടിക്കാണിച്ചത് കേന്ദ്രമന്ത്രി. വലിയ കുഴപ്പമില്ലന്ന് മുരുകനും. മുരുകന് കാട്ടാക്കടയെ സാക്ഷരതാമിഷന്‍ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ മുരുകന് നായര്‍ എന്ന് വന്നത് വിവാദമായ പശ്ചാത്തലത്തില്‍ പേരു തെറ്റിയതും തിരുത്തലും ചിരി പടര്‍ത്തി. കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രസകരമായ സംഭവം. വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന് ആദരിച്ചു. അദ്യമായി ആദരവ് ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് മുരുകന് കാട്ടാക്കടയെ. അവതാരകനായ സ്ക്കൂള് വിദ്യാര്‍ത്ഥി വിളിച്ചത് കാട്ടാക്കട മുരുകന് എന്ന്.
പുരസ്ക്കാരം നല്‍കും മുന്‍പ് വി മുരളീധരന് കുട്ടിയോടായി പറഞ്ഞു. ”പേര് കാട്ടാക്കട മുരുകന് എന്നല്ല, മുരുകന് കാട്ടാക്കട എന്ന പേരിലാണ് കവി അറിയപ്പെടുന്നത്’.
തെറ്റു പറ്റിയതില്‍ അവതാരകന് ഖേദം പ്രകടിപ്പിച്ചു.
‘മുരുകനും കാട്ടാക്കടയും ഉണ്ടല്ലോ അതുകൊണ്ട് കുഴപ്പമില്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു മുരുകന്റെ മറുപടി പ്രസംഗം. അവതാരകന് ആവശ്യപ്പെട്ടതനുസരിച്ച് അതിഗംഭീരമായ പരി്സ്ഥിതി കവിത മുരുകന് അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി ഉള്‍പ്പെടെ വേദിയും കുട്ടികള്‍ ഉള്‍പ്പെടെ സദസ്സും ലയിച്ചിരുന്ന് കവിത ആസ്വദിച്ചു.
ഡോ.സുഭാഷ്ചന്ദ്രബോസ്, ഡോ.വി.സുനില്‍കുമാര്‍ ,ഡോ.ലേഖ അജിത്ത്, അജിത്ത് കുളിയൂര്‍,വേണുകീഴ്വാണ്ട, അജി ദൈവപ്പുര, കാവാലം സജീവ്, അനില്‍ ഭാവഗീതം, ഉദയനന് നായര്‍, ജയകൃഷ്ണന് വൈദ്യര്, എ.വിശ്വനാഥന് നായര്‍, ആര്.രവീന്ദ്രന് നായര്‍ എന്നിവരും കേന്ദ്രമന്ത്രിയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: