കണ്ണൂര്‍ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്പിന് മേല്‍ ചോദ്യചിഹ്നമാണ്. ഫലത്തോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ജനം വിലയിരുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം. കോടിയേരിയും റിയാസും ഇത് ജനത്തിന്റെ വിലയിരുത്തല്‍ ആണെന്നാണ് മുമ്പ് പറഞ്ഞത്. ഇതിനോട് എല്‍ഡിഎഫ് യോജിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒന്നാകെ രാജി വയ്ക്കണം.
കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ഈ നാട്ടില്‍ സില്‍വര്‍ ലൈന്‍ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരന് പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.
അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന് രാജിവയ്ക്കണം. മുഖ്യമന്ത്രി ഒരു നിയോജക മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ഇതിന് മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പേരില്‍ വന്‍ ധൂര്‍ത്താണ് ഇടതുപക്ഷം നടത്തിയത്. എന്നിട്ടാണ് ദയനീയമായി ഒരു റൗണ്ടില്‍ പോലും മുന്നിലെത്താനാകാതെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ദുര്‍ബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയന് മാറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു പുതിയ ശൈലിയാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ.സുധാകരന് പറഞ്ഞു. ഇതാണ് കോണ്‍ഗ്രസിന്റെ മുഖം. ഈ കോണ്‍ഗ്രസാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് വി.ഡി. സതീശനും അഭിനന്ദന പ്രവാഹമാണ്. എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും മുന്‍ എംഎല്‍എ അനില്‍ അക്കരയും അദ്ദേഹത്തെ പ്രശംസിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് യുഡിഎഫ് പ്രചരണം നയിക്കാന്‍ ഇക്കുറി ഉണ്ടായിരുന്നില്ല. സുധാകരന്റെ അഭാവത്തില്‍ തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രചാരണം നയിച്ചത് വിഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: