കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ശരിയായ ദിശയിലുള്ള ഒന്നാണ്. കേരള ഹൈക്കോടതി പോലും ഭീകര സംഘടനകളെന്ന് വിശേഷിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇ ഡിയുടേത് സ്വാഭാവിക നടപടിയാണെന്ന് കാണാനാവും. മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ വന്നിട്ടുള്ളതായും ഇതിനെക്കാള്‍ പലമടങ്ങ് തുക ഈ സംഘടനകള്‍ ഹവാല വഴി കൈപ്പറ്റിയിട്ടുള്ളതായും ഇ ഡി കരുതുന്നുണ്ട്. ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതിന്റെ മറവില്‍ അവിടെ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന് സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തില്‍ ശ്രമിച്ചതിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിയമവിരുദ്ധ പണമിടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്. കേരളത്തില്‍ റെയ്ഡ് നടത്തിയ ഇ ഡി പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ശേഖരിക്കുന്ന പണമൊഴുക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാക്കാന്‍ ഈ സംഘടന 22 കോടി രൂപ എത്തിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഗള്‍ഫ് നാടുകളിലെ അനുഭാവികളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം ശേഖരിക്കപ്പെടുന്നത്. ഇതിന്റെ ഉറവിടം ആഗോള ഇസ്ലാമിക ഭീകരവാദ കേന്ദ്രങ്ങളാണെന്ന കാര്യം വ്യക്തമാണ്. ഇത്തരം പണമിടപാടുകള്‍ക്കായി വളരെ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഹോട്ടല്‍ വ്യവസായവും റിയല്‍ എസ്റ്റേറ്റ് ഇടപാടുമൊക്കെ നടത്തിയതായി കരുതപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ പിടിയിലായിട്ടുണ്ട്. മതഭ്രാന്തും അന്യമത വിദ്വേഷവും മാത്രമല്ല അവിശ്വസനീയമായ തോതിലുള്ള പണശക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്. കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും ഹീനമായ കൊലപാതകങ്ങളിലും കൊലവിളികള്‍ മുഴക്കിയുള്ള സമ്മേളനങ്ങളിലും ഈ പണം ഉപയോഗിക്കുകയാണ്. എന്തു ക്രൂരകൃത്യവും ചെയ്യാന്‍ ഇക്കൂട്ടര്‍ ആളുകളെ സംഘടിപ്പിക്കുന്നതിനു പിന്നില്‍ പണം ഒരു പ്രധാന ഘടകമാണ്. മയക്കുമരുന്നുകടത്തിലൂടെയും മറ്റും ഇതിനായി സഹസ്രകോടികള്‍ സമ്പാദിക്കുന്നതായുള്ള നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
അന്യമതസ്ഥരെ ഉന്മൂലനം ചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. ഇതിനനുസൃതമായ മുദ്രാവാക്യമാണ് അടുത്തിടെ ആലപ്പുഴയില്‍ അവര്‍ മുഴക്കിയത്. ഇതിനെതിരെ കേസു വന്നപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും എതിരായ കൊലവിളിയെ ന്യായീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് ഇങ്ങനെയൊക്കെ പറയാനുള്ള ധൈര്യം ഇക്കൂട്ടര്‍ക്ക് നല്‍കുന്നത്. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തെ അപലപിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചുനിന്നതും ഇതുകൊണ്ടുതന്നെ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഭാഷയിലാണ് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നത്. ഇസ്ലാമിക ഭീകരര്‍ പ്രതികളാവുന്ന കേസുകളില്‍ പോലീസ് അവരുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ താവളമായി തുടരുന്നത് ഇടതു-വലതു മുന്നണികളുടെ പിന്തുണയിലാണ്. ഈ സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് നിയമവാഴ്ചയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ കരുതുന്നത്. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇ ഡിയുടെ നടപടി സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഈ മതഭീകരരെ അടിച്ചമര്‍ത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: