തിരുവനന്തപുരം: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ കേരളം പങ്കെടുക്കാതിരുന്നതിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജഡശേഖരന്. സംസ്ഥാനങ്ങള്‍ ശതകോടികളുടെ നിക്ഷേപം സമാഹരിച്ചപ്പോള്‍ കേരളം അതില്‍ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. വികസന കാര്യത്തില്‍ ലക്ഷ്യബോധമില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവമെന്നും കുമ്മനം കുറ്റപ്പെടുത്തി.
പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്ക് അവിശ്വസനീയമായ രീതിയില്‍ നിക്ഷേപം ആര്‍ജ്ജിക്കാനായി. കര്‍ണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്ട്രക്ക് 30,000 കോടിയും രൂപയുടെ നിക്ഷേപം ലഭിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കും 1500 കോടി രൂപക്കു മേല്‍ നിക്ഷേപം ലഭിച്ചിട്ടുണ്ട്. കേരളം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ലൈഫ് സയന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്താണ് തെലങ്കാന 4200 കോടിയുടെ നിക്ഷേപം നേടിയതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിനോടുള്ള നിഷേധ സമീപനമാണ് കേരളത്തിലെ തൊഴില്‍ രഹിതര്‍ക്കുള്ള സുവര്‍ണ്ണാവസരം തുലച്ചതെന്നും കുമ്മനം പറഞ്ഞു. തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ചില്ലെന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നല്‍കണം. കേരളത്തില്‍ നിക്ഷേപമിറക്കിയവരെ അയല്‍ സംസ്ഥാനങ്ങളിലേക്ക് തല്ലി ഓടിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാരിന് വിരുത്. കേരളത്തില്‍ നേരായ വികസനത്തില്‍ താല്പര്യമില്ലെന്നാണോ അതോ ഇക്കാര്യത്തിലുള്ള അജ്ഞതയാണോ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാഞ്ഞതിലൂടെ നല്കുന്ന സന്ദേശമെന്നും കുമ്മനം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: