പാലാ: സ്പൈനല്‍ മസ്കുലാര്‍ അട്രോപി ബാധിതയായ നാലുവയസുകാരി ഹന്ന സിബി ഇന്നലെ വീല്‍ ചെയറില്‍ ആദ്യമായി സ്കൂളിലെത്തി. സൗത്ത് കടയം ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പ്രീ പ്രൈമറി ക്ലാസില്‍ ചേരാനാണ് മാതാപിതാക്കള്‍ക്കൊപ്പം ഹന്ന എത്തിയത്.പ്രധാന അധ്യാപിക ജി.ബിന്ദു മിഠായിയും പൂക്കളും നല്കി ഹന്നയെ സ്വീകരിച്ചു. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കരഘോഷത്തോടെയാണ് ഹന്നയെ സ്വീകരിച്ചത്.
ജന്മനാ രോഗബാധിതയായ ഹന്നയ്ക്ക് ഏഴരക്കോടി രൂപ ചികിത്സയ്ക്ക് ആവശ്യമുണ്ട്. വെളളിയേപ്പള്ളി വെള്ളരിങ്ങാട്ട് സിബി ജോസഫിന്റെയും ജോയ്സിന്റെയും മകളാണ് ഹന്ന. നിര്‍ധന കുടുംബമായ ഇവര്‍ക്ക് താമസയോഗ്യമായ വീട് പോലും സ്വന്തമായില്ല. ബ്ലോക്ക് പദ്ധതിയില്‍ ലഭിച്ച ഓട്ടോമാറ്റിക് വീല്‍ ചെയറിലാണ് ഹന്നയുടെ യാത്ര.
പഠനത്തില്‍ മിടുക്കിയാണ് ഹന്ന. ഹന്നയുടെ മുന്പോട്ടുള്ള ചികിത്സയ്ക്കും പഠനത്തിനുമായി സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണത്തിനായുള്ള ഒരുക്കത്തിലാണ്. പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് തോമസ് പീറ്റര്‍ കുട്ടിക്ക് യൂണിഫോമും പുസ്തകങ്ങളും നല്കി. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലിസികുട്ടി മാത്യു അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് രണ്‍ദീപ് ജി. മീനാഭവന്‍, രാജീവ് രാജന്പാട്ടത്തില്, സുജിത് ഇ.എസ്, സ്റ്റാഫ് സെക്രട്ടറി സോണി അഗസ്റ്റ്യന്‍, ടാനിയ,ജിനന് പ്രഭാകരന് തുടങ്ങിയവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: