മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ല്‍ വെളിച്ചത്തുവന്ന വന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ തുടക്കം മുതല്‍ സംഘടിച്ച് സമരപരിപാടികളും നിയമ പോരാട്ടങ്ങളും നടത്തിയതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ഇടപെട്ട് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു. എന്നാല്‍ ബാങ്ക് അധികൃതരുടെ അനാസ്ഥയും അനൈക്യവും കാരണം അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്‌മ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.
2020 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷത്തിനകം നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷമായിട്ടും തഴക്കര ശാഖയിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും കിട്ടാതെ വലയുകയാണ്. യാതൊരുവിധ പണമിടപാടു പോലും നടക്കാത്ത സ്ഥിതിയിലാണ് കൂടുതലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്ക് ഭരണ സമിതി യോഗങ്ങള്‍ യഥാസമയം കൂടാന്‍ കഴിയുന്നില്ല.
ഒരംഗം തുടക്കത്തില്‍ തന്നെ രാജി വെച്ചിരുന്നു. ചില ഭരണസമിതി അംഗങ്ങള്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്ന് നിക്ഷേപകര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു അംഗം സഹകരണ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് മത്സരിച്ചത് എന്ന പരാതി നിലനില്‍ക്കുന്നു. ശതാബ്ദി ആഘോഷിക്കാന്‍ പോകുന്ന ബാങ്കിന് മുന്‍ കാലങ്ങളില്‍ നിന്ന് വിഭിന്നമായി വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൂടി സൃഷ്ടിച്ചത് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതെയാണ് എന്ന് അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
വന്‍ വായ്‌പ കുടിശ്ശിഖ വരുത്തിയിട്ടുള്ള വ്യക്തികളില്‍ നിന്നും പണം ഈടാക്കാനുള്ള വ്യവസ്ഥാപിതമായ യാതൊരു നടപടികളും സ്വീകരിക്കാത്തത് രാഷ്‌ട്രീയ ഇടപെടലുകളും വ്യക്തി താല്പര്യങ്ങളും കൊണ്ടാണെന്ന് നിക്ഷേപകര്‍ ഉന്നയിക്കുന്നു. നിക്ഷേപകര്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസിന്റെ ഫലമായി പ്രതികളായിട്ടുള്ളവരുടെ സ്ഥാപര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യണമെന്ന് കോട്ടയം സ്പെഷ്യല്‍ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം കൊടുത്തിരുന്നു.
അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോര്‍ട്ട് ജൂണ്‍ 7 ന് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോടും എന്‍ഫോഴ്സ്മെൻ്റ് വകുപ്പിനോടും മെയ് 25 ന് ഉത്തരവായിട്ടുണ്ട്.പ്രധാന പ്രതികളായ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: