ഹൈന്ദവസംസ്‌കൃതിയില്‍ ഉത്തരാഖണ്ഡിന് അനന്യമായൊരു സ്ഥാനമുണ്ട്. പുരാണ പ്രസിദ്ധമായ എത്രയോ പുണ്യസങ്കേതങ്ങളുടെ കേദാരം. അവയിലൊന്നാണ് ഇതിഹാസകൃതിയായ മഹാഭാരതം പിറന്ന വ്യാസ ഗുഹ. വ്യാസ മഹര്‍ഷി ഗണേശഭഗവാന്റെ സഹായത്തോടെ മഹാഭാരതം രചിച്ചത് ഈ ഗുഹയില്‍ വച്ചാണ്. ഇന്ത്യാ -ചൈന അതിര്‍ത്തിലാണ് വ്യാസഗുഹയുള്ളത്.
ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ മനാഗ്രാമത്തില്‍ സരസ്വതീ നദിക്കരയിലുള്ള വ്യാസഗുഹയില്‍ വച്ചാണ് ചതുര്‍വേദങ്ങളും 18 പുരാണങ്ങളും രചിക്കപ്പെട്ടതെന്നും വിശ്വസിച്ചു വരുന്നു. വ്യാസമഹര്‍ഷിയുടെ വിഗ്രഹമുള്ള ഈ ഗുഹയുടെ മേല്‍ക്കൂര താളിയോലകള്‍ അടുക്കിയതു പോലെയാണ് ദൃശ്യമാകുക.
മഹാഭാരതം പകര്‍ത്തിയെടുക്കാന്‍ ആരുടെ സഹായം തേടുമെന്ന അനേ്വഷണത്തിലായിരുന്നു വ്യാസമഹര്‍ഷി. ഒടുവില്‍ ഭഗവാന്‍ ഗണേശന്‍ ആ ദൗത്യം ഏറ്റെടുത്തു. അതിന് ഒരു നിബന്ധനയുണ്ടായിരുന്നു. പകര്‍ത്താനുള്ളത് പറഞ്ഞു തുടങ്ങിയാല്‍ വ്യാസന്‍ ഒരു മാത്ര പോലും അത് നിര്‍ത്തരുത്. നിബന്ധന വ്യാസന് സമ്മതമായിരുന്നു. കഥ പറഞ്ഞു തുടങ്ങി. ശരവേഗത്തില്‍ ഗണേശന്‍ അതു പകര്‍ത്താന്‍ തുടങ്ങി. നിര്‍ത്താതെ എഴുതി തുടങ്ങിയതോടെ തൂലിക പൊട്ടി. എന്തു ചെയ്യണമെന്ന് ഓര്‍ത്തു നില്‍ക്കാതെ ഗണേശന്‍ തുമ്പിക്കൈയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് തൂലികയാക്കിയെന്നാണ് കഥ.
വ്യാസഗുഹയ്‌ക്ക് താഴെ മറ്റൊരു ഗുഹയും കാണാം. ഗണേശഗുഹ. ഭഗവാന്‍ കൃഷ്ണന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞതെന്നു വിശ്വസിക്കുന്ന മുചുകണ്ഡ് ഗുഹയും ഇതിന് അരികെയാണ്. ബദരീനാഥ് ക്ഷേത്രത്തിലേക്കും ഇവിടെ നിന്ന് ദൂരമേറെയില്ല. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേയ്‌ക്ക് തീര്‍ഥാടകരുടെ പ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: