തിരൂര്‍ ദിനേശ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ‘അമൃതവര്‍ഷ’ മായി ഭാരതം മുഴുവന്‍ ആഘോഷിക്കുകയാണല്ലോ. എവിടെയൊക്കെ സ്വാതന്ത്ര്യ സമര സ്മരണകളുണ്ടോ അവിടെയൊക്കെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും അത്തരം സ്മരണകളുള്ള ഭൂമികള്‍ പവിത്രമായി സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇത് ഭാരതത്തിന്റെ താത്പര്യമാണ്. ഈ രാജ്യതാത്പര്യത്തോടു ചേര്‍ന്നു നില്ക്കാത്ത ഒരു ജില്ല മലപ്പുറമായിരിക്കും.
മാപ്പിള കലാപം നടന്ന ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ ഉള്‍പ്പെട്ടതാണ് ഈ ജില്ല. സ്വാതന്ത്ര്യ സമരമെന്നാല്‍ 1921ലെ മാപ്പിളക്കലാപമാണ് എന്നും സ്വാതന്ത്ര്യ സമര സേനാനികള്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും ചെമ്പ്രശ്ശേരി തങ്ങളുമൊക്കെയാണെന്നും മലപ്പുറത്തെ പലരും പറയും. സ്വാതന്ത്ര്യ സമരം നടന്ന സ്ഥലങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ പൂക്കോട്ടൂരും തിരൂരങ്ങാടിയും ചൂണ്ടിക്കാണിക്കും. പുതിയ തലമുറ പഠിച്ചതും അവരെ പഠിപ്പിച്ചതുമൊക്കെ അങ്ങനെയാണ്. മലപ്പുറത്ത് നടന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര ചരിത്രം മൂടിവച്ചു. മാപ്പിളകലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയില്‍ നിന്നു നീക്കം ചെയ്തതോടെ വെട്ടിലായത് മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യ സമരമാക്കി ഇത്രയും കാലം തെറ്റിദ്ധരിപ്പിച്ചവരാണ്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ മലപ്പുറത്ത് വലിയ ആഘോഷമൊന്നും ഉണ്ടാവാനിടയില്ല. മാത്രമല്ല യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളേയും സ്വാതന്ത്ര്യ സമരത്തേയും അപമാനിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് മലപ്പുറം തിരൂരില്‍ റെയില്‍വെ സ്റ്റേഷനു പിന്നിലുള്ള ശുചിമുറി കെട്ടിടനിര്‍മ്മാണം.
സംഭവം വിവാദമായപ്പോള്‍, മലപ്പുറത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര ചരിത്രം വെളിച്ചത്തു വന്നു. സത്യം എന്നായാലും പുറത്തു വന്നല്ലേ പറ്റൂ. മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരക ഭൂമിയില്‍ ശുചിമുറി പണിയുമെന്ന ധാര്‍ഷ്ട്യവും ഇതോടെ പുറത്തു വന്നു. ശുചിമുറി നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. മുസ്ലീം ലീഗിന് ആധിപത്യമുള്ള തിരൂര്‍ നഗരസഭയാണ് ഇതിനു നേതൃത്വം നല്കുന്നത്. മലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തിരൂരിലെ അഡ്വ. പുന്നയ്‌ക്കല്‍ കുട്ടിശ്ശങ്കരന്‍ നായരേയും അദ്ദേഹത്തിന്റെ സമര ചരിത്രത്തേയും തമസ്‌കരിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍. മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമല്ലെന്നും ഹിന്ദുവംശഹത്യയാണെന്നും ഉറക്കെ പ്രഖ്യാപിച്ച കുട്ടിശ്ശങ്കരന്‍ നായരോടുള്ള പൂര്‍വ്വ വൈരാഗ്യം കൂടിയാണ് ശുചിമുറിയുടെ രൂപത്തില്‍ അവതരിക്കുന്നത്.
അറിയണം കുട്ടിശ്ശങ്കരന്‍ നായരെ
കെ.പി. കേശവമേനോന്‍, കേളപ്പജി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നിവരുടെ സമകാലികനായിരുന്ന പുന്നയ്‌ക്കല്‍ കുട്ടിശ്ശങ്കരന്‍ നായര്‍ തിരൂര്‍ കോടതികളിലെ പ്രമുഖ അഭിഭാഷകനായിരുന്നു. തിരൂര്‍ നഗരസഭ നേരത്തെ തൃക്കണ്ടിയൂര്‍ പഞ്ചായത്തായിരുന്ന കാലത്ത് 25 വര്‍ഷം തുടര്‍ച്ചയായി കുട്ടിശ്ശങ്കരന്‍ നായരായിരുന്നു പഞ്ചായത്തു പ്രസിഡന്റ്. തിരൂരില്‍ ഇന്നു കാണുന്ന സകല വികസനങ്ങളുടേയും ശില്‍പ്പിയായിരുന്നു അദ്ദേഹം. അദ്ദേഹം അക്ഷര നഗരിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. ഇന്നത്തെ ജില്ലാ ആശുപത്രി മുമ്പ് ധര്‍മ്മാശുപത്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാതിരുന്ന അവിടെ തന്റെ സ്വയാര്‍ജ്ജിത പണം ഉപയോഗിച്ച് അദ്ദേഹം ഒരു വാര്‍ഡ് നിര്‍മ്മിച്ചു നല്കി. പുന്നക്കല്‍ വാര്‍ഡ് എന്ന പേരില്‍ പ്രസിദ്ധമായ കെട്ടിടമായിരുന്നു അത്. നിര്‍ധന രോഗികള്‍ക്ക് മരുന്നു വാങ്ങാന്‍ അദ്ദേഹം തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ചു. പാവങ്ങള്‍ക്ക് വേണ്ടി ഫീസു വാങ്ങാതെയാണ് കേസുകള്‍ നടത്തിയിരുന്നത്. തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, തൃക്കണ്ടിയൂര്‍ പിസിസി സൊസൈറ്റി, തലക്കടത്തൂര്‍ അരിക്കറ്റ് സൊസൈറ്റി, തിരൂര്‍ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സ്ഥാപകനായിരുന്നു. തുഞ്ചന്‍ പറമ്പ് സര്‍ക്കാരിലേക്ക് ഏറ്റെടുപ്പിക്കുന്നതിലെ അമരക്കാരനും തിരൂര്‍- ഏഴൂര്‍ റോഡ് വിഭാവനം ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയ വ്യക്തിയുമാണ്. ഹരിജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് അയിത്തോച്ചാടന സമരത്തിന് നേതൃത്വം നല്കി. ഹരിജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനു വേണ്ടി തറവാട്ടു വക ഭൂമി നല്കി ‘പഞ്ചമസ്‌ക്കൂള്‍’ സ്ഥാപിച്ചു. ബഹുവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുട്ടിശ്ശങ്കരന്‍ നായര്‍ തിരൂരിന്റെ പിതാവ് എന്ന പേരിലാണ് അറിയപ്പെട്ടത്.
സ്വാതന്ത്ര്യ സമരവും അറസ്റ്റും
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോടെയാണ് കുട്ടിശ്ശങ്കരന്‍ നായര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുന്നത്. ഗാന്ധിജി വ്യക്തി സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോള്‍ കുട്ടിശ്ശങ്കരന്‍ നായര്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തെ പറമ്പിലെത്തി അതിന്റെ മധ്യഭാഗത്തു നിന്നു കൊണ്ട് പ്രസംഗിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കോടതി 10 മാസം തടവിനു ശിക്ഷിച്ച് ട്രിച്ചി ജയിലില്‍ അടച്ചു. പി.കെ. മൊയ്തീന്‍ കുട്ടി, കെ.പി. കേളുനായര്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യാനന്തരം പുന്നക്കല്‍ കുട്ടിശ്ശങ്കരന്‍ നായര്‍ക്ക് സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ലഭിക്കുകയും ഭാരതം അദ്ദേഹത്തെ താമ്രപത്രം നല്കി ആദരിക്കുകയും ചെയ്തു. മാത്രമല്ല സ്വാതന്ത്ര്യ സമരപെന്‍ഷന്‍ ശിപാര്‍ശ, കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യ സമര സ്മാരകം
മലപ്പുറം ജില്ലയില്‍ നടന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം, തിരൂരില്‍ നടന്ന ഈ വ്യക്തി സത്യഗ്രഹവും കുട്ടിശ്ശങ്കരന്‍ നായരുടെ അറസ്റ്റുമാണ്. വ്യക്തിസത്യഗ്രഹം അനുഷ്ഠിച്ചതിന് മലബാറില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടതു കുട്ടിശ്ശങ്കരന്‍ നായരാണ്. വ്യക്തിസത്യഗ്രഹികളെ അറസ്റ്റ് ചെയ്ത സ്വകാര്യ ഭൂമി ഏറ്റെടുത്ത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രവും സ്മാരകവും നിര്‍മ്മിക്കാനാണ് തൃക്കണ്ടിയൂര്‍ പഞ്ചായത്ത് തീരുമാനിച്ചത്. അറസ്റ്റ് നടന്ന സ്ഥലത്ത് സ്വാതന്ത്ര്യ സമര സ്മാരകമായി അഞ്ചുവിളക്ക് സ്ഥാപിക്കുകയും ചെയ്തു. വിഭാവനം ചെയ്ത മറ്റു പദ്ധതികള്‍ പക്ഷെ മുടങ്ങി. സ്വാതന്ത്ര്യ ദിനത്തില്‍ അഞ്ചുവിളക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തിരൂരിലെ വലിയ ആഘോഷമായിരുന്നു. പിന്നീട് ഇവിടെ ബസ്സ്റ്റാന്റ് വന്നിട്ടും അഞ്ചു വിളക്ക് സംരക്ഷിച്ചു.
വിരോധം മുളപൊട്ടുന്നു
കുട്ടിശ്ശങ്കരന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനി മലബാറിന്റെ ഹൃദയം കവര്‍ന്ന നേതാവായി അംഗീകരിക്കപ്പെട്ടു. ഇതിനിടയിലാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചത്. യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളില്‍ അമര്‍ഷം പുകയാന്‍ ഈ പ്രഖ്യാപനം ഇടയാക്കി. മുഖത്തു നോക്കി കാര്യം പറഞ്ഞ് പ്രതിഷേധിക്കാന്‍ നട്ടെല്ലു കാണിച്ച ഏക സ്വാതന്ത്ര്യ സമര സേനാനി കുട്ടിശ്ശങ്കരന്‍ നായരായിരുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും കൊള്ളയും കൊലയുമായിരുന്നുവെന്നും വ്യക്തമാക്കി അദ്ദേഹം പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും കത്തയച്ചു. പ്രതിഷേധ സൂചകമായി പെന്‍ഷന്‍ ശിപാര്‍ശ കമ്മിറ്റിയില്‍ നിന്നു രാജിവയ്‌ക്കുകയും തന്റെ പെന്‍ഷന്‍ നിരാകരിക്കുകയും ചെയ്തു. അതുവരെ നെഞ്ചേറ്റി നടന്നിരുന്നവരില്‍ അതോടെ പക മുളച്ചു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നു പറഞ്ഞ കുട്ടിശ്ശങ്കരന്‍ നായരുടെ സ്മരണകള്‍ ഇനി തിരൂരില്‍ ഉയരാന്‍ പാടില്ലെന്ന് തീരുമാനിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതാക്കളുമായി പില്‍ക്കാലത്ത് അദ്ദേഹത്തിനുണ്ടായ ബന്ധം പക ഇരട്ടിപ്പിക്കുന്നതിനും ഇടയാക്കി. 1979 ജൂലൈ രണ്ടിന് ആ ദേശാഭിമാനി സ്വര്‍ഗ്ഗമണഞ്ഞു. മണ്‍മറഞ്ഞിട്ടും അദ്ദേഹത്തെ പരമാവധി അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് തിരൂര്‍ നഗരസഭയും ഭരണപക്ഷവും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും.
പേര് മായ്‌ക്കുന്ന വിധങ്ങള്‍
കാല്‍ നൂറ്റാണ്ട് തൃക്കണ്ടിയൂര്‍ പഞ്ചായത്തിനെ നയിച്ച കുട്ടിശ്ശങ്കരന്‍ നായരുടെ ഫോട്ടോയ്‌ക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇടം നല്കിയില്ല. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പുന്നക്കല്‍ വാര്‍ഡ് പൊളിച്ചുനീക്കുമ്പോള്‍ പുതിയ ഒരു ബ്ലോക്കിന് കുട്ടിശ്ശങ്കരന്‍ നായരുടെ പേരിടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ, ഇന്നോളം അതു നടന്നിട്ടില്ല. തിരൂരില്‍ റോഡുകള്‍ക്ക് പേരിട്ടപ്പോള്‍ കുട്ടിശ്ശങ്കരന്‍ നായരുടെ പേര് ഒരു റോഡിനും നല്കിയില്ല. പഞ്ചമ സ്‌ക്കൂളിന്റെ പേര് കെ.പി. മൊയ്തീന്‍ കുട്ടി സ്‌കൂള്‍ എന്നാക്കി. ഇന്നിപ്പോള്‍, അദ്ദേഹം അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സ്വാതന്ത്ര്യ സമര സ്മാരക ഭൂമി വിശ്രമ മന്ദിരം എന്ന പേരില്‍ ശൗചാലയമാക്കി മാറ്റുകയാണ്. എട്ട് ശുചിമുറികളുടെ നിര്‍മാണമാണ് നടക്കുന്നത്.
ലക്ഷ്യം വ്യക്തമാണ്. മലപ്പുറത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരത്തിന്റേയും സമരഭൂമിയുടേയും ചരിത്രവും യഥാര്‍ത്ഥ സേനാനികളേയും ആരും അറിയരുത്. കുട്ടിശ്ശങ്കരന്‍ നായരുടെ പേര് ആരും ഓര്‍ക്കരുത്. മാപ്പിള ലഹളയെ തള്ളിപ്പറയാന്‍ ആര്‍ജ്ജവം കാണിച്ച നേതാവ് വിസ്മൃതിയിലാവേണ്ടതു പലരുടേയും ആവശ്യമാണ്. പക്ഷേ, അവര്‍ സ്മരിക്കപ്പെടേണ്ടതാണ് കാലത്തിന്റെയും സമൂഹത്തിന്റേയും രാഷ്‌ട്രത്തിന്റെയും ആവശ്യം. വരും തലമുറകള്‍ക്കു വഴിതെറ്റരുതല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: