ന്യൂദല്‍ഹി: ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരുന്നതാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അന്ന് സച്ചിന് ടെണ്ടുല്‍ക്കറാണ് തന്റെ മനസ് മാറ്റിയതെന്നും ക്രിക്ബസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2008ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്കു വന്നിരുന്നു. ടെസ്റ്റ് പരമ്പരയിലൂടെ ഞാന്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നു, 150 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ ഏകദിനത്തില്‍ മൂന്ന്-നാലു ശ്രമങ്ങളില്‍ എനിക്കു കാര്യമായി സ്കോര്‍ ചെയ്യാനായില്ല. അതിനാല്‍ എംഎസ് ധോണി എന്നെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഏകദിന ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സമയത്തായിരുന്നു ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഏകദിനത്തില്‍ നിന്നും വിരമിച്ചാലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ ഈ സമയത്തു സച്ചിന് ടെണ്ടുല്‍ക്കറാണ് എന്നെ വിരമിക്കലില്‍ നിന്നും തടഞ്ഞത്. അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- ഇതു നിന്റെ ജീവിതത്തിലെ മോശം ഘട്ടമാണ്. ഈ ടൂറിനു ശേഷം വീട്ടിലേക്കു മടങ്ങുക. എന്താണ് വേണ്ടതെന്നു നന്നായി ആലോചിക്കൂ, അതിനുശേഷം അടുത്തതായി എന്തു ചെയ്യണമെന്നു തീരുമാനിക്കൂയെന്നായിരുന്നു. ഭാഗ്യവശാല്‍ അന്നു താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെന്നും സെവാഗ് വ്യക്തമാക്കി.
2008ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഇന്ത്യ, ഓസീസ് എന്നിവരെക്കൂടാതെ ശ്രീലങ്കയായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. 10 മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമേ വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. മോശം പ്രകടനം കാരമാണ് ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഇന്ത്യ മാറ്റിനിര്‍ത്തിയത്.
ആദ്യത്തെ നാലു മല്‍സരങ്ങളില്‍ 6, 33, 11, 14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്കോറുകള്‍. ഇതോടെ ക്യാപ്റ്റന്‍ എംഎസ് ധോണി പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അതിനു ശേഷം ഓസീസിനെതിരേ ഒരു അവസരം കൂടി വീരുവിനു നല്കി. എന്നാല്‍ അതില്‍ 14 റണ്‍സിനു പുറത്തായതോടെ വീണ്ടും ടീമിനു പുറത്തായി. എങ്കിലും ബെസ്റ്റ് ഓഫ് ത്രീയുള്പ്പെട്ട ഫൈനലില്‍ ആദ്യത്തെ രണ്ടിലും ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: