മങ്കൊമ്പ്: മഴക്കാലമെത്തിയതോടെ വീണ്ടും പ്രളയ ഭീതിയില്‍ കുട്ടനാട്. എസി കനാലില്‍ ഒഴുക്ക് നിലച്ചതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തുന്നു. എസി കനാല്‍ ആഴവും വീതിയും കൂട്ടി നവീകരിച്ചാല്‍ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതികളില്‍ നിന്ന് രക്ഷിക്കാനാകും. കൃഷി ശാസ്ത്രജ്ഞന് ഡോ. സ്വാമിനാഥന് പാക്കേജില്‍ മുന്‍ഗണന നല്കി നല്‍കേണ്ട പദ്ധതിയായിരുന്നു എസി കനാല്‍ നവീകരണം.
എന്നാല്‍ കനാല്‍ കയ്യേറുകയും നികത്തുകയും ചെയ്തവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവീകരണം കടലാസില്‍ ഒതുങ്ങി. അതിനാല്‍ തുടര്‍ച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ ഒഴുക്കു നിലച്ച എസി കനാല്‍ കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം. കാലവര്‍ഷം ശക്തിപ്പെടുന്നതോടെ പമ്പ മണിമലയാറുകളിലൂടെ കുട്ടനാട്ടിലേക്ക് ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം വേമ്പനാട്ടു കായലിലേക്ക് ഒഴുകി മാറാന്‍ സഹായിക്കുന്നത് പ്രധാനമായും എസി കനാലാണ്. എന്നാല്‍ കനാലില്‍ ഇക്കുറിയും ആഴം കൂട്ടുകയോ വെള്ളം ഒഴുകി മാറുന്നതിന് തടസമായി നില്ക്കുന്ന പാലങ്ങള്‍ പൊളിച്ചുപണിയാനോ അധികാരികള്‍ തയ്യാറായിട്ടില്ല.
2018ലെ മഹാപ്രളയവും 19ലെ വെള്ളപ്പൊക്കവും കുട്ടനാടിന് സര്‍വ്വനാശം സമ്മാനിച്ചതോടെ എസി കനാല്‍ നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. ചങ്ങനാശേരി മനയ്ക്കച്ചിറ മുതല്‍ ഒന്നാംങ്കര വരെ നീളുന്ന കനാല്‍ കുറഞ്ഞത് 50 മീറ്റര്‍ വീതിയില്‍ നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാതുരുത്തി ആറ്റിലേക്കും തുറക്കുന്നതിലൂടെ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയു എന്നതായിരുന്നു സ്വാമിനാഥന് പാക്കേജിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് കേന്ദ്ര ജലകമ്മിഷന്റെ നിര്‍ദ്ദേശാനുസരണം ജലവിഭവവകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കുകയും മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനുമായിരുന്നു പരിപാടി.
ഒന്നാം ഘട്ടം മനയ്ക്കച്ചിറ നിന്നും ഒന്നാംങ്കര വരെയും രണ്ടാം ഘട്ടം ഒന്നാംങ്കര മുതല്‍ നെടുമുടി വരെയും മൂന്നാം ഘട്ടം നെടുമുടിയില്‍ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും എന്നിങ്ങനെയായിരുന്നു പദ്ധതി ക്രമീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: