കോട്ടയം: ജില്ലാ കേന്ദ്രങ്ങളിലെ ഫ്രണ്ട്സ് ജനസേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം. വിവര സാങ്കേതിക വിദ്യയുടെ വരവോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയും ബിഎസ്എന്‍എല്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെയും എല്ലാ ബില്‍ തുകകളും ഫീസുകളും അതാത് ഓഫീസില്‍ പോയി ക്യൂ നില്‍ക്കാതെ ഒറ്റ ഓഫീസില്‍ ഒരു കൗണ്ടറില്‍ അടയ്ക്കാനാണ് ഫ്രണ്ട്സ് ജനസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
2000ല്‍ തുടക്കമിട്ട ജനസേവാ കേന്ദ്രങ്ങള്‍ വളരെ പെട്ടെന്ന് ജനപ്രിയമായി മാറി. സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ബില്‍ തുകകളും ഫീസുകളും അടയ്ക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഫീസുകളാണ് ഫ്രണ്ട്സ് ജനസേവാ കേന്ദ്രം. കേരള ഐടി മിഷന്റെ കീഴിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായാണ് ഇവിടെ ജീവനക്കാരെ നിയമിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവു കൊണ്ട് പല പ്രാവശ്യം കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അതിവേഗം സേവനങ്ങള്‍ ലഭ്യമാകുന്നത് കൊണ്ട് ഈ ഓഫീസുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
ഐടി മിഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭമായ അക്ഷയ കേന്ദ്രങ്ങളെ സഹായിക്കാനാണ് ഫ്രണ്ട്സ് ജനസേവാ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നതെന്നാണ് ആരോപണം. ഓണ്‍ലൈനില്‍ പണം അടയ്ക്കുന്നതിന്റെ പേരില്‍ ഫ്രണ്ട്സ് ജനസേവാ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുമ്പോള്‍ വിവരസാങ്കേതിക വിദ്യയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്ത വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: