ലഖ്നൗ: സ്ത്രീകളെ രാത്രി ഏഴ് മണിക്ക് ശേഷം ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാവിലെ ആറ് മണിക്ക് മുമ്പും സ്ത്രീകളെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. രാത്രി ഏഴിന് ശേഷം ജോലി ചെയ്യുന്ന സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായും സൗജന്യമായും യാത്രാ സൗകര്യം ഒരുക്കണമെന്നും സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
സ്ത്രീകളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ അവരെ രാത്രി ഏഴിന് ശേഷവും, പുലര്‍ച്ചെ ആറിന് മുന്‍പും ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കാവുള്ളു. രാത്രി സമയങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ഫാക്ടറി ഉടമകള്‍ക്ക് അനുമതിയില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അങ്ങനെ രാത്രി ഏഴിന് ശേഷവും പുലര്‍ച്ചെ ആറ് മണിക്ക് മുന്‍പും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണവും കൃത്യമായ പരിചരണവും ഉറപ്പുവരുത്തേണ്ടതാണ്. ഈ സമയങ്ങളില്‍ ചുരുങ്ങിത് നാല് സ്ത്രീകള്‍ എങ്കിലും ജോലി ചെയ്യുന്നുണ്ടായിരിക്കണം. ഒരു സ്ത്രീയ്ക്ക് മാത്രമായി ഈ സമയത്ത് ജോലി ചെയ്യാന്‍ അനുമതി നല്‍കരുത്. എല്ലാ ഫാക്ടറികളിലും സ്ത്രീകള്‍ക്ക് പ്രത്യേക ശുചിമുറിയും വിശ്രമകേന്ദ്രങ്ങളും ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഫാക്ടറി ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: