കണ്ണൂര്‍: പരീക്ഷാകണ്‍ട്രോളര്‍ സ്ഥാനമൊഴിഞ്ഞതിനുശേഷവും കണ്ണൂര്‍ സര്‍വകലാശാലയുടെ തലപ്പത്ത് പടലപ്പിണക്കം തുടരുന്നു. പരീക്ഷാ കണ്ട്രോളര് സ്ഥാനമൊഴിഞ്ഞതിനുശേഷം പ്രോ-വൈസ്ചാന്‍സലര്‍ സ്ഥാനമൊഴിയുന്നു. പ്രോ-വിസിയായ സാബു എ. ഹമീദാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് നല്‍കിയത്.
വിസിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇദ്ദേഹം സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് വിവരം. സര്‍വകലാശാല ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ. സാബു. എ ഹമീദ്.
ചോദ്യപേപ്പര്‍ വിവാദത്തിനൊടുവില്‍ പരീക്ഷാ കണ്ട്രോളര് കഴിഞ്ഞദിവസം ഡെപ്യൂട്ടേഷന് റദ്ദാക്കി മടങ്ങിയിരുന്നു. സര്‍വകലാശാലയുടെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ചെയര്മാന് കൂടിയായ പി.വി.സിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും തീരുമാനങ്ങളെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിസന്നദ്ധത അറിയിച്ചതെന്നാണ് വിവരം. വി.സി ചില പാര്‍ശ്വവര്‍ത്തികളായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഒത്താശയോടെ സര്‍വകലാശാല ഭരണം നടത്തുകയാണെന്ന ആരോപണമാണ് ഉയരുന്നത്.
നേരത്തെ പരീക്ഷാകണ്ട്രോളറായ എം.ജെ വിന്‍സെന്റ് ഡെപ്യൂട്ടേഷന് മതിയാക്കി പോയിരുന്നു. ഇതിനുശേഷം രണ്ടാമത്തെ പ്രമുഖനാണ് ഇപ്പോള്‍ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അതേസമയം പ്രൊ-വൈസ് ചാന്‍സലറുടെ രാജിസന്നദ്ധത സംബന്ധിച്ചവിവരം പുറത്ത് വന്നതോടെ സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു എ ഹമീദ് രാജിസന്നദ്ധത അറിയിച്ചു എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല ഇന്നലെ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: