മുംബൈ: ഐപിഎല്‍ 2022 ഫൈനലില്‍ ടോസ് നേടിയത് രാജസ്ഥാന് റോയല്‍സ്. ഹാര്‍ദിക് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തീരുമാനിച്ചു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് മുന്നോടിയായി സദസ്സിന് വന്‍ സംഗീതവിരുന്നായിരുന്നു. എ.ആര്. റഹ്മാനും റണ്വീര് സിങ്ങും ചേര്‍ന്ന് സദസ്സിനെ ഇളക്കിമറിച്ചു. റഹ്മാന്റെ വന്ദേമാതരം ഉള്‍പ്പെടെയുള്ള ഗാനം സ്റ്റേഡിയം വികാരവായ്പോടെ ഏറ്റുവാങ്ങി.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് രാജസ്ഥാന് റോയല്‍സിനെ തോല്പിച്ചിരുന്നു. പക്ഷെ രാജസ്ഥാന് റോയല്‍സിനെ ഫൈനലില്‍ എത്തിച്ച റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ് ബട്ലര് ഉഗ്രന്‍ ഫോമിലാണ്. യസ്വേന്ദ്ര ചാഹല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ താരമായ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് 2008ലേതുപോലെ ടീമിന് വീണ്ടും കിരീടം നേടിക്കൊടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ്.
ടൂര്‍ണമെന്റില്‍ ഉടനീളം ഉഗ്രന്‍ ഫോം നിലനിര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് കിരീടത്തില്‍ കുറഞ്ഞ് യാതൊന്നും മോഹിക്കുന്നില്ല. എന്തായാലും ഫൈനലില്‍ വെടിക്കെട്ടും ഇടിമിന്നലുമല്ലാതെ മറിച്ചൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. കാരണം ശരിക്കും ഉഗ്രശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് തന്നെയാണ് ഐപിഎല്‍ ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: