ന്യൂദല്‍ഹി: പ്രഗ്നനാനന്ദ എന്ന നാണം കുണുങ്ങിയായ, കണ്ണുകളില്‍ പ്രതിഭയുടെ തിളക്കമുള്ള 16കാരന് ഇക്കുറി ലോകപ്രശസ്തമായ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സില്‍ പങ്കെടുത്തത് പരീക്ഷയ്ക്കിടയിലൂടെയാണ്. എന്നാലോ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച് ഈ കുട്ടി ഗ്രാന്റ് മാസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.
കാരണം തോല്പിച്ചത് ചെസ്സിലെ അവസാന വാക്കായ പല കുറി ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെയും ലോക താരമായ നെതര്‍ലാന്റ്സിന്റെ അനീഷ് ഗിരിയെയും. പക്ഷെ ഫൈനലില്‍ മാത്രം ചൈനയുടെ ഡിങ്ങ് ലിറനോട് പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ ഫൈനലില്‍ 2.5-1.5ന് ജയിച്ച ഡിങ് ലിറനെ പക്ഷെ രണ്ടാം ഫൈനലില്‍ പ്രഗ്നനാനന്ദ അതേ സ്കോറിന് (2.5-1.5) തോല്പിച്ചു. പിന്നീട് ടൈബ്രേക്കറിലാണ് തോറ്റത്. പുലര്‍ച്ചെ 2.30ന് ലോക ചെസ്സബിള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ അവസാനിച്ചു. രാവിലെ 8.45ന് കൃത്യമായി പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പ്രഗ്നാനന്ദ സ്കൂളില്‍ എത്തി.
അങ്ങിനെ ചെസ്സബിള്‍ ടൂര്‍ണ്ണമെന്റില്‍ മാഗ്നസ് കാള്സന്, അനീഷ് ഗിരി എന്നിവരെ പിന്തള്ളി റണ്ണര്‍ അപ്പായി. ഒറ്റ കളികളും തോല്‍ക്കാതെ സെമി വരെയെത്തിയ അനീഷ് ഗിരിയെ സെമിയില്‍ തോല്പിച്ചതോടെ 9000 ഡോളര്‍ സമ്മാനത്തുകയും നേടി പ്രഗ്നാനന്ദ. പ്ലസ് വണ്ണിന് പരീക്ഷ നടക്കുന്നതിനിടെ ഇത്ര ഏകാഗ്രതയോടെ ഒരു ലോകനിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റില്‍ ലോകചാമ്പ്യന്മാരെ അട്ടിമറിക്കുകയും അതിനിടയില്‍ പരീക്ഷ എഴുതുകയും ചെയ്ത പ്രഗ്നനാനന്ദയെ സ്കൂള്‍ മുഴുവന്‍ വാഴ്ത്തുകയാണ്.
ഫൈനലില്‍ ഏറെ പ്രയാസപ്പെട്ട് പ്രഗ്നാനന്ദയ്ക്കെതിരെ വിജയം കൊയ്ത ചൈനീസ് താരം ഡിങ്ങ് ലിറന് പറയുന്നത് ഇങ്ങിനെ: “പ്രഗ്നാനന്ദ ഒരു ലോകത്തിലെ മൂന്നിര താരമായി മാറും”
തനിക്ക് എതിരാളികളില്ലെന്ന് വീമ്പിളക്കിയ ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് പ്രഗ്നാനന്ദ വീഴ്ത്തിയത്. ഇതോടെ 2022ല്‍ രണ്ടാമത്തെ തവണയാണ് ഗ്രാന്റ് മാസ്റ്ററായ പ്രഗ്നനാനന്ദ മാഗ്നസ് കാള്സണ് എന്ന ലോകചാമ്പ്യനെ തോല്പിക്കുന്നത്. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണ്ണമെന്റിലാണ് 2022 ഫിബ്രവരിയില്‍ പ്രഗ്നാനന്ദ കാള്‍സണെ ആദ്യം തോല്പിച്ചത്.ടൂര്‍ണ്ണമെന്റിലെ ആറാം റൗണ്ടിലായിരുന്നു പ്രഗ്നനാനന്ദയുടെ വിജയം.അന്ന് 39 നീക്കങ്ങളിലാണ് തോല്പിച്ചതെങ്കില് ചെസ്സബിളില് 41ാം നീക്കത്തില്‍ കാള്സണ് അടിയറവ് പറഞ്ഞു.
16 പേരുണ്ടായിരുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്കാരായ പി.ഹരികൃഷ്ണയും വിദിത് ഗുജറാത്തിയും പുറത്തായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കയില്‍ നിന്നുള്ള ഗ്രാന്റ് മാസ്റ്ററായ അഭിമന്യു മിശ്ലയെയും പ്രഗ്നനാനന്ദ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: