ന്യൂദല്‍ഹി: നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കി ഇസ്ലാമിസ്റ്റുകള്‍. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഗ്യാന്‍ വാപി മസ്ജിദ് വിവാദത്തില്‍ തുടര്‍ച്ചയായി ഹിന്ദു വിശ്വാസത്തെ കളിയാക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് നൂപുര്‍ ശര്‍മ്മ മുഹമ്മദ് നബിയുടെ ജീവിതകഥ എടുത്തിട്ടത്. മുഹമ്മദ് നബി ആറു വയസ്സുകാരി അയിഷയെ വിവാഹം ചെയ്തുവെന്നും അയിഷയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്നും നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
അഭിമുഖത്തിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആള്‍ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍ നടത്തിയ ട്വീറ്റാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഇസ്ലാമിസ്റ്റുകളെ കൊലവിളി നടത്താന്‍ പ്രേരിപ്പിച്ചത്. തനിക്കെതിരെ ഇസ്ലാം തീവ്രവാദികളെ തിരിച്ചുവിട്ടതിന് പിന്നില്‍ മുഹമ്മദ് സുബൈറിന്റെ കറുത്ത കരങ്ങളുണ്ടെന്ന് നൂപുര്‍ കുറ്റപ്പെടുത്തുന്നു.
മുഹമ്മദ് സുബൈറിന് പിന്നാലെ വിവാദ ജേണലിസ്റ്റ് റാണ അയൂബും നൂപുര്‍ ശര്‍മ്മയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം വളച്ചൊടിച്ചുകൊണ്ട് അശ്ലീലച്ചുവയുള്ള ട്വീറ്റായിരുന്നു റാണ അയൂബ് നടത്തിയത്. ഇസ്ലാം തീവ്രവാദികളെ വിറളിപിടിപ്പിക്കുന്ന രീതിയിലായിരുന്നു ഈ ട്വീറ്റ്. ഇതും നൂപുറിനെതിരെ ഇസ്ലാമിക രോഷം ആളിക്കത്തിച്ചു. ഇടതു-ലിബറല്‍ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഇതോടെ മതനിന്ദ നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മ്മയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളാണ് മത തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്. തന്റെ ജീവനോ ശരീരത്തിനോ ഏതെങ്കിലും തരത്തില്‍ ആപത്തുണ്ടായാല്‍ അതിന് ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആയിരിക്കുമെന്ന് നൂപുര്‍ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: