ന്യൂദല്‍ഹി : ഗവേഷക ആവശ്യങ്ങള്‍ക്കും ഡാറ്റാ സെറ്റുകള്‍ക്കും ആവശ്യമായ പൗരന്മാരുടെ വ്യക്തിപരമല്ലാത്ത വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ നയവുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒരുതരത്തിലും പുറത്തുവിടില്ല. കേന്ദ്ര ഐടി മന്ത്രാലയം പുറത്തുവിട്ട കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമുള്ള വിവരങ്ങള്‍ ഇതിനായി ശേഖരിക്കും. ഒപ്പം സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൈമാറും. ഗവേഷക ആവശ്യങ്ങള്‍ക്ക് അനായാസമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
ആളുകളുടെ വിവരങ്ങള്‍ മൂന്നായി തരം തിരിച്ച ശേഷം പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ അതിന്റെ രഹസ്യ സ്വഭാവത്തോടുകൂടി തന്നെ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങളില്ല എന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ഈ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് കൈമാറൂ. ഭരണ കാര്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ഗുണപരമാകും എന്ന വിലയിരുത്തലിലാണ് ഇത് കൈമാറുന്നത്. ശേഖരിക്കുന്ന വിവരങ്ങളില്‍ ഏതൊക്കെ, ആര്‍ക്കൊക്കെ കൈമാറാം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യ ഡാറ്റാ മാനേജ്മെന്റ് ഓഫീസ് ആരംഭിച്ച് ഇതിനായിരിക്കും ചുമതല നല്‍കുക. ശേഖരിക്കുന്ന വിവരത്തിന്റെ ഉടമസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.
പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതം അല്ലാത്തവ എന്ന് കൃത്യമായി നിര്‍വചിച്ചില്ലെങ്കില്‍ വിവര കൈമാറ്റത്തില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടായേക്കും. ഐടി മന്ത്രാലയത്തിന്റെ കരട് നയത്തിന്മേല് അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ജൂണ്‍ 11-ആണ്. ഇതും കൂടി പരിഗണിച്ചശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: