പാലക്കാട്: ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നാളെ ജനകീയമുന്നേറ്റ റാലി നടത്തും. കേരളത്തെ മതഭീകരകേന്ദ്രമാക്കാനുള്ള എസ്ഡിപിഐ – പോപ്പുലര്‍ഫ്രണ്ട് തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി വി. രാജേഷ്, ഹിന്ദുഐക്യവേദി ജില്ലാ ജന.സെക്രട്ടറി പി.എന്‍. ശ്രീരാമന്, ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് എം. ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മതഭീകരരുടെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരം, ഭരണകൂടത്തിന്റെ പക്ഷപാതനയങ്ങള്‍ക്കെതിരെ പ്രതിഷേധം, ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്‍കരുതല്‍, ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനുള്ള നീക്കം, മതമൗലികവാദികള്‍ക്കുള്ള സാമൂഹിക താക്കീത്, ഭരണകൂട മത പ്രീണനങ്ങള്‍ക്കെതിരെ പ്രതികരിക്കുക തുടങ്ങിയവയാണ് ജനകീയ മുന്നേറ്റം കൊണ്ട് ലക്ഷ്യമാക്കുന്നത്.
നാളെ വൈകിട്ട് 3.30ന് മേലാമുറിയില്‍ നിന്ന് മഹാറാലി ആരംഭിക്കും. തുടര്‍ന്ന് സഞ്ജിത്ത് – ശ്രീനിവാസന് നഗറില്‍ (വലിയ കോട്ടമൈതാനം) നടക്കുന്ന പൊതുസമ്മേളനം പ്രജ്ഞാപ്രവാഹ് അഖിലേന്ത്യാ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ്, ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ സംസാരിക്കും. സംഘപരിവാര്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ ഭാരവാഹികള്‍, ആധ്യാത്മിക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: