ചെന്നൈ: തമിഴ് നാടിന്റെ സ്വന്തമായിരുന്ന കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ട്വീറ്റിലൂടെയാണ് സ്റ്റാലിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് അണ്ണാമലൈ ആഞ്ഞടിച്ചത്.
“ഡിഎംകെ അധികാരത്തിലുള്ളപ്പോള്‍ 1974ല്‍ ആണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രീലങ്കയ്‌ക്ക് തമിഴ്നാടിന്റെ ഭാഗമായുള്ള കച്ചത്തീവ് വിട്ടുകൊടുത്തത്. മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കച്ചൈത്തീവ് വിട്ടുകൊടുത്തതെന്ന കാര്യം സ്റ്റാലിന്‍ മറന്നു. 1974ല്‍ ഡിഎംകെയും കോണ്‍ഗ്രസും മുന്നണിയുടാക്കി ഒന്നിച്ച് ജനങ്ങളെ കൊള്ളയടിച്ചു. ഇപ്പോഴെന്താണ് ഒരു പെട്ടെന്നുള്ള ഉണര്‍ന്നെണീക്കല്‍?”- അണ്ണാമലൈ ട്വിറ്ററില്‍ ചോദിച്ചു. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മോദിയോട് കച്ചത്തീവ് ശ്രീലങ്കയില്‍ നിന്നും തിരിച്ചുവാങ്ങണമെന്ന ആവശ്യം ഉന്നയിച്ച സ്റ്റാലിന് മറുപടി എന്ന നിലയ്‌ക്കായിരുന്നു അണ്ണാമലൈയുടെ ട്വീറ്റ്.
തമിഴ്ഭാഷയോടും സാഹിത്യത്തോടും സംസ്കാരത്തോടും പല കുറി തനിക്കുള്ള സ്നേഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ തമിഴ്ഭാഷയുടെ പേരില്‍ സ്റ്റാലിന്‍ വെറുതെ രാഷ്‌ട്രീയം കളിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഭാഷയെക്കുറിച്ചുള്ള ഒരു പ്രസ്താവന ഡിഎംകെ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഡിഎംകെ വികാരം കൊണ്ട് കളിക്കുകയാണ്. പ്രാദേശിക കോടതിയില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന ആവശ്യത്തില്‍ ബിജെപിക്കും അതിയായ സന്തോഷമുണ്ട്. അതേ സമയം കേസുകള്‍ സുപ്രീംകോടതിയിലേക്ക് പോകുമ്പോള്‍ തമിഴ് ഭാഷയില്‍ എഴുതിയ കേസുകളെല്ലാം വീണ്ടും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടതായി വരും. ഇത് കോടതി പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കിയേക്കാമെന്നും അണ്ണാമലൈ പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ സവിശേഷ രീതിയില്‍ അവരുടെ മാതൃഭാഷയോട് അഭിമാനമുണ്ടായിക്കും. ഓരോ സംസ്ഥാനങ്ങളുടെ അവരുടെ വ്യത്യസ്തമായ സംസ്കാരം നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്. – അണ്ണാമലൈ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: