കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വെല്ലുവിളി ഏറ്റെടുത്ത് ദേശീയ ചാനലായ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍. വധിഭീഷണിയും വെല്ലുവിളിയും പൊലീസിന്റെ ഉപദേശവും കാരണം തല്ക്കാലം കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പള്ളുരുത്തിയിലെ വീടിന് മുന്നില്‍ നിന്നും റിപ്പബ്ലിക് ടിവി സംഘം പോയെങ്കിലും തിരിച്ചുവരുമെന്ന വെല്ലുവിളിയിലാണ് ചാനല്‍.
റിപ്പബ്ലിക് ടിവി ഇവിടെ നിന്നും വീണ്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമെന്ന ഉറച്ച നിലപാടിലാണ്. റിപ്പബ്ലിക് വില്‍ റിപ്പോര്‍ട്ട് (റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്യും ) എന്ന ടാഗും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാനല്‍.
മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവം ദേശീയ തലത്തില്‍ വലിയ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. നേരത്തെ ടൈംസ് നൗ ചാനല്‍ സംഘത്തെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും ഓടിച്ചിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് ഇടപെട്ടാണ് ടൈംസ് നൗ ചാനലിന്റെ സംഘത്തെ ഒഴിപ്പിച്ച് കൊണ്ടുപോയത്.
ഏറ്റവും തമാശയാകുന്നത് പൊലീസിന്റെ റോള്‍ ആണ്. ഇത്രയും സംഘര്‍ഷം ഉണ്ടായിട്ടും ഇവിടെ ഒന്നോ രണ്ടോ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. ഈ പൊലീസുകാര്‍ തന്നെ ഇവിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന ചാനലുകാരെ ഇവിടെ നിന്നും സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഉപദേശിക്കുകയാണ് ചെയ്യുന്നത്.
കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട് പള്ളുരുത്തിയിലാണെന്ന് അറിഞ്ഞതോടെ അവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും എത്തിയതായിരുന്നു റിപ്പബ്ലിക് ടിവിയുടെ കേരള റിപ്പോര്‍ട്ടറായ അശ്വിന്. “കുട്ടിയുടെ ഉമ്മൂമ്മയില്‍ നിന്നും കുറെ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ശേഖരിച്ചു. പെട്ടെന്നാണ് അയല്‍വീടുകളില്‍ നിന്നും ഭീഷണിയായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ എത്തിയത്. അവിടെ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ് എസ് ഡിപി ഐ ഓഫീസുള്ളത് അവരില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടായിരുന്നു. എന്നാല്‍ നമാസ് ആയിരുന്നതിനാല്‍ ആരും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ചില ഭീഷണികള്‍ ഉയര്‍ന്നത്. പിന്നാലെ രണ്ട് മൂന്ന് പേര് എത്തി. മാധ്യമങ്ങള്‍ ഇവിടെ വരാന്‍ പാടില്ലെന്ന വിലക്കോടെയാണ് അവര്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരധികാരവും ഇല്ലെന്നായിരുന്നു ഇവരുടെ വെല്ലുവിളി.” – അശ്വിന് പറയുന്നു.
“ക്യാമറെടുത്ത് മാറ്റിക്കോട്ടാ അതാ നിങ്ങക്ക് നല്ലത്” എന്ന വെല്ലുവിളി പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു. “നിങ്ങള്‍ ഇവിടെ നിന്നും ക്യാമറയെടുത്ത് സ്ഥലം വിടുന്നതാണ് നല്ലത് എന്നായിരുന്നു വിരട്ടല്‍. ക്യാമറാ സ്ക്രീനിലും ആരോ തല്ലി. ഇത് എസ് ഡിപി ഐയുടെ ഉരുക്കുകോട്ടയാണ് എന്നും ചിലര്‍ വിരട്ടി. “- അശ്വിന് പറയുന്നു.
ആ പ്രദേശത്ത് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ നൂറില്‍പരം പോസ്റ്ററുകള്‍ കാണാമായിരുന്നെന്നും അശ്വിന് പറയുന്നു. കുട്ടിയുടെ വീടിന് മുമ്പിലുള്ള പൊതു റോഡില്‍ വെച്ചായിരുന്നു വെല്ലുവിളിയും ഭീഷണിപ്പെടുത്തലും. ഞങ്ങള്‍ ഞങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് എത്തിയതെന്നും ഞങ്ങളെ തടസ്സപ്പെടുത്തരുതെന്നും പറഞ്ഞതായി അശ്വിന് പറയുന്നു.
പൊലീസിനെ പരിസരത്ത് കാണാമായിരുന്നെങ്കിലും അവര്‍ ഭീഷണിപ്പെടുത്തുന്ന എസ് ഡിപി ഐക്കാരെ തടയാന്‍ മുന്നോട്ട് വന്നില്ലെന്നത് ഖേദകരമാണെന്ന് റിപ്പബ്ലിക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന് പറയുന്നു. പോപ്പുലര്‍ഫ്രണ്ട്- എസ് ഡിപി ഐ പ്രവര്‍ത്തകര്‍ നിയമത്തെ പുല്ലുവിലയായി കാണുന്നവരാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും നിരഞ്ജന് പറയുന്നു.
പൊലീസ് പറഞ്ഞത് നിങ്ങള്‍ ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണെന്നും അശ്വിന് പറയുന്നു. ഈ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും എത്തിയതായിരുന്നു അശ്വിന്. സ്ഥലത്തുണ്ടായിരുന്ന ഒന്നുരണ്ടു പൊലീസുകാര്‍ ഇവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തങ്ങളെ താക്കീത് ചെയ്യുകയായിരുന്നുവെന്നും അശ്വിന് പറയുന്നു. പള്ളുരുത്തിയിലെ ഒരു പബ്ലിക് റോഡില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് പൊലീസ് പറയുന്നത് എത്ര വിരോധാഭാസമാണെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. അതും കൊച്ചി പോലെ ദേശീയപ്രാധാന്യമുള്ള ഒരു നഗരത്തിലെ പ്രാന്തപ്രദേശത്താണ് ഈ സംഭവം. വയസ്സായവര്‍ ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്ന് ഉപദേശിക്കുമ്പോള്‍ ചെറുപ്പക്കാര്‍ അക്രമാസക്തരായിരുന്നെന്നും സാഹചര്യം ഭയാനകമായിരുന്നെന്നും അശ്വിന് പറയുന്നു.
ജുമാ നമസ്കാരം കഴിയുന്നതിന് മുന്‍പ് സ്ഥലം വിടാനായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയെങ്കിലും ഇവരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ തുരത്തുകയായിരുന്നു. ഇതുവരെ ആര്‍ക്കും ക്യാമറ ഓണ്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അശ്വിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: