തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി ഇന്ധനക്ഷാമം. ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരമാണ് കെഎസ്ആര്‍ടിസിയെ വലച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമരം അവസാനിച്ചെങ്കിലും പലഡിപ്പോകളിലും ഇന്ധനം ഇതുവരെ എത്തിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ പല ഡിപ്പോകളിലും ഇന്ധനശേഖരം തീര്‍ന്നതോടെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങിയിട്ടുണ്ട്. ഡിപ്പോകളിലെ കരുതല്‍ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സര്‍വീസ് കെഎസ്ആര്‍ടിസി നടത്തിയത്.
ഇന്നു രാവിലെയോടെ കരുതലും തീര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട, നെടുമങ്ങാട്, കൊട്ടാരക്കര, കോട്ടയം, പത്തനംതിട്ട എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷം. ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന നിലയില്‍ നേരിട്ടാണ് കെ.എസ്.ആര്.ടി.സി കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതില്‍ നിന്ന് പിന്‍വാങ്ങുകയും സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്ധനലോറി സമരം കെഎസ്ആര്‍ടിസിയെ വലയ്ക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: