ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ച് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഹമ്പന്‍കട്ടയിലെ മംഗലാപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു. ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് കോളേജ് മാനേജ്മെന്റ് നിരോധിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
കോടതിയും സര്‍ക്കാരും ക്ലാസ്മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്തിട്ടും കോളേജ് മാനേജ്മെന്റ് ഇത് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ അധികൃതരോട് അമര്‍ഷം പ്രകടിപ്പിച്ചു. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഒരു യോഗം ചേര്‍ന്ന് മുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ഇന്നു കോളേജിലെത്തി. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ക്ലാസുകള്‍ ബഹിഷ്കരിക്കുകയും ചെയ്തു.
മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചാല്‍ തങ്ങളും അതാത് മതവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഉഡുപ്പി ഗവണ്മെന്റ് പ്രീ യൂണിവേഴ്സിറ്റി ഗേള്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനായി പ്രതിഷേധം നടത്തിയതോടെയാണ് ഹിജാബ് വിഷയം ആരംഭിച്ചത്. ഇത് പിന്നീട് വന്‍ തര്‍ക്കത്തിലേക്ക് നീങ്ങി. വിഷയം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസിന്റെ സാഹചര്യവും സംവേദനക്ഷമതയും കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ഹര്‍ജി ഉടന്‍ പരിഗണിക്കുകയും ചെയ്തു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ ഇടം നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി സ്കൂളുകള്‍ക്കും പ്രീയൂണിവേഴ്സിറ്റി കോളേജുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: