വളാഞ്ചേരി(മലപ്പുറം): കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് തെക്കേ പൈങ്കണ്ണൂരിലെ ചെറുകുന്ന് പട്ടികജാതി കോളനിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിച്ച് സേവാഭാരതി. സേവാഭാരതിയുടെ ധനസഹായത്തോടെ അന്നപൂര്‍ണ്ണേശ്വരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ഇന്ന് വൈകിട്ട് നാലിന് ചലച്ചിത്രതാരം ദേവന്‍ ഉദ്ഘാടനം ചെയ്യും.
ഇവിടത്തുകാര്‍ അരക്കിലോമീറ്റര്‍ കാല്‍നടയായി പോയി ചോലയില്‍ നിന്നായിരുന്നു കുടിവെള്ളം കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷമായി അടുത്തുള്ള സ്വകാര്യ വ്യക്തികളുടെ കിണറിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ചിലര്‍ ഈ കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചു. ദേശീയ പട്ടികജാതി കമ്മിഷന്‍ ഉള്‍പ്പെടെ കേന്ദ്ര, സംസ്ഥാന അധികാരികള്‍ കോളനി സന്ദര്‍ശിച്ച് ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്നതിനുള്ള പരിഹാര നടപടികള്‍ക്ക് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, പ്രശ്‌നം സേവാഭാരതി ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. കോളനിക്ക് സമീപം തന്നെ കുളം നിര്‍മിച്ച് മോട്ടോറും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വിശ്വസേവാഭാരതി മാര്‍ഗ്ഗദര്‍ശക് എ.ആര്‍. മോഹനന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, മലപ്പുറം വിഭാഗ് സംഘചാലക് കെ. ചാരു, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിദ്ധീഖ്, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍, ബിജെപി സംസ്ഥാന സമിതിയംഗം വി.വി. രാജേന്ദ്രന്‍, സേവാഭാരതി മലപ്പുറം ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: