ന്യൂദല്‍ഹി: ഇന്ത്യയ്ക്കെതിരായുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ സാമ്പത്തിക സഹായം നല്കിയ കേസില്‍ തീവ്രവാദ സംഘടന നേതാവ് യാസിന് മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. തടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പറഞ്ഞത്. താന്‍ ആയുധം വച്ച് കീഴടങ്ങിയിട്ട് ആറു വര്‍ഷമായെന്നും തികഞ്ഞ ഗാന്ധിയനായാണ് ജീവിക്കുന്നതെന്നും യാസിന് മാലിക് കോടതിയെ അറിയിച്ചു.
എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചു. മാലിക്കിനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. വന്‍ സുരക്ഷാ സന്നാഹമാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. കേസില്‍ യാസിന് മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് വിധിച്ചിരുന്നു,
കശ്മീരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാന്‍ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്വരയില് 2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്നാഗ് ജില്ലയിലെ കൊക്കര്‍നാഗില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടര്‍ന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ 85 പേര് കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിന് മാലിക്കിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ല്‍ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2019ല്‍ മോദി സര്‍ക്കാരാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: