ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പി.ആര്‍.ഡി ഫോട്ടോഗ്രാഫറും, ഭക്തനുമായ കോഴിക്കോട് സ്വദേശിയെ ക്ഷേത്രം സി.എല്‍.ആര്‍ ജീവനക്കാരി കയ്യേറ്റം ചെയ്തതായി പരാതി. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടമാക്കിയാണ് സി.എല്‍.ആര്‍ ജീവനക്കാരി ആര്‍. ബിന്ദു, ഫോട്ടോഗ്രാഫറെ നേരിട്ടത്. ജീവനക്കാരിയുടെ നഖം കൊണ്ടുള്ള മുറിവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി.
ഇക്കഴിഞ്ഞ ദിവസം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ വെച്ചാണ് ഫോട്ടോഗ്രാഫര്‍ക്ക് ജീവനക്കാരിയുടെ മര്‍ദ്ദനമേറ്റത്. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കനുഭവപ്പെട്ട കഴിഞ്ഞ ബുധനാഴ്‌ച്ച, പായസം വാങ്ങാന്‍ ഒറ്റവരിയായി നില്‍ക്കുന്ന ഭക്തരെ, ജീവനക്കാരിയുടെ നിര്‍ദ്ദേശപ്രകാരം, രണ്ടായി വരി തിരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യൂ നിയന്ത്രണത്തിന് ഉത്തരവാദിത്വമുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും, അവരുടെ അധികാരത്തില്‍ കടന്നുകയറിയാണ് ജീവനക്കാരി തന്റേടം കാണിച്ചും, ഭക്തമനസുകളില്‍ മുറിവേല്‍പ്പിച്ചും ക്ഷേത്രാങ്കണത്തേയും, ക്ഷേത്ര സംസ്‌കാരത്തേയും കളങ്കപ്പെടുത്തിയത്.
ക്ഷേത്രപരിസരത്തെ ശുചീകരണ പ്രവര്‍ത്തി ചെയ്യേണ്ട ജീവനക്കാരി, തന്റെ അധികാര പരിധിയിലല്ലാത്ത കാര്യമായിട്ടും മേലുദ്യോഗസ്ഥ ചമഞ്ഞതാണ് ഭക്തര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയതത്രെ. വരി രണ്ടായി തരംതിരിച്ചതോടെ പിന്‍നിരയിലുള്ളവര്‍ മുന്നിലേക്ക് കടന്നു. ഇതോടെ ക്യൂവിലുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ആക്രോശിച്ച ജീവനക്കാരിയുടെയും, തിരക്കിലകപ്പെട്ട ഭക്തരുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ ശ്രമിച്ചതോടെയാണ് ജീവനക്കാരി ഫോട്ടോഗ്രാഫറെ നേരിട്ടത്. പോലീസും, സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനിടെ, അതുവഴി വന്ന ദേവസ്വം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് ഇരുവരേയും വിളിച്ചുവരുത്തി.
ഫോട്ടോഗ്രഫറില്‍ നിന്നും പരാതി എഴുതിവാങ്ങി, താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി ഉത്തരവിറക്കി. സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി പരാതിക്കാരന് പരാതിയില്ലെന്ന് കാണിച്ച് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ഒരു കത്ത് ലഭിച്ചതായും അറിയുന്നുണ്ട്. ഈ ജീവനക്കാരിക്കെതിരെ സമാന രീതിയിലുള്ള പല പരാതികളും ദേവസ്വം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് ലഭിച്ചിട്ടും, രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ചാണ് രക്ഷപ്പെടാറുള്ളത്. സി.എല്‍.ആര്‍ ജീവനക്കാരില്‍ ന്യൂനപക്ഷം ജീവനക്കാരും ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന്് വലിയ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഭരണാധികാരികളും, ഉദ്യോഗസ്ഥ വൃന്ദവും ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: