തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം പുണെയിലേക്ക് പോകും.
വാഹന പാര്‍ക്കിങ്ങിനു ക്രമീകരണം ഏര്‍പ്പെടുത്തി
കേരള നിയമസഭ ‘ആസാദി കാ അമൃത് മഹോത്സവ്’ -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പവര്‍ ഓഫ് ഡെമോക്രസി – നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് കേരള-2022’ -ന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ വാഹന പാര്‍ക്കിങിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു. പ്രത്യേക ക്ഷണിതാക്കളുടെയും വി.ഐ.പിമാരുടെയും വാഹനങ്ങള്‍ വ്യക്തികളെ ഇറക്കിയശേഷം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മുതല്‍ നിയമസഭാ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. മീഡിയാ വാഹനങ്ങള്‍ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയര്‍ സ്റ്റേഷന് മുതല്‍ താഴെ ബയോപാര്‍ക്ക് വരെ പാര്‍ക്ക് ചെയ്യണം. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ സ്പീക്കര്‍ ഗേറ്റു വഴി അകത്തു പ്രവേശിച്ച് ലൈബ്രറി ഗേറ്റിനു സമീപം ആളെ ഇറക്കിയശേഷം തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി വാച്ച് ആന്‍ഡ് വാര്‍ഡ് നിര്‍ദേശിക്കുന്നിടത്ത് പാര്‍ക്ക് ചെയ്യണം. ചടങ്ങ് വീക്ഷിക്കാന്‍ എത്തുന്ന പ്രത്യേക ക്ഷണിതാക്കള്‍ രാവിലെ 10.30ന് മുമ്പായി ഇരിപ്പിടങ്ങളില്‍ ഇരിക്കണം. ബാഗ്, കുട, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ വസ്തുക്കള്‍ കൈവശം കൊണ്ടുവരാന്‍ പാടില്ല. ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതി നിയമസഭാ സമുച്ചയത്തിന് പുറത്തുപോയതിന് ശേഷം മാത്രമേ ചടങ്ങ് വീക്ഷിക്കാനെത്തിയവരെ പുറത്തേക്ക് പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: