വാരണസി: ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാരണസി ജില്ലാ കോടതി മെയ് 26 വ്യാഴാഴ്ച വാദംകേള്‍ക്കല്‍ തുടരും.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രണ്ടാം ദിവസമായ തിങ്കളാഴ്ചയും വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് വാദം കേട്ടു. ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദുക്കളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. അതിനാല്‍ ഹിന്ദുക്കള്‍ നല്കിയ സ്വതന്ത്ര ആരാധന അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും മുസ്ലിം വിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഇത് സംബന്ധിച്ച് മെയ് 26 വ്യാഴാഴ്ച വാദം കേള്‍ക്കല്‍ തുടരും. ഈ കേസില്‍ ഒരു പാര്‍ട്ടിയായി തങ്ങളെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനയും ജില്ലാ കോടതിയില്‍ പരാതി നല്കി. ഗ്യാന്‍ വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യമാണ് ഹിന്ദു സേന ഉന്നയിച്ചിരിക്കുന്നത്.
അതേ സമയം വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം അഭിഭാഷകന് വാദിച്ചു. ഈ ഹര്‍ജി നിലനില്‍ക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ചാണ് മെയ് 26 വ്യാഴാഴ്ച വാരണസി ജില്ലാ കോടതി വാദം കേള്‍ക്കല്‍ തുടരുക. അതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശിവിശ്വനാഥ ക്ഷേത്രം മഹന്ത് ഡോ. കുലപതി തിവാരി നല്കിയ ഹര്‍ജിയും വാരണസി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു.
നേരത്തെ വിഡിയോ സര്‍വ്വേയില്‍ മസ്ജിദിനകത്ത് ശിവലിംഗം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ആരാധന തടസ്സപ്പെടാത്ത രീതിയില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാനും ഈ ഭാഗത്ത് കയ്യേറ്റമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ വാരണസി ജില്ലാ കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അതുവരെ കേസില്‍ വാദം കേട്ട വാരണസി സിവില്‍ കോടതിയില്‍ നിന്നും കേസ് വാരണസി ജില്ലാ കോടതി ഏറ്റെടുത്തത്.
ഹിന്ദു പരാതിക്കാര്‍(അഞ്ച് സ്ത്രീ ഭക്തര്‍) അവകാശപ്പെടുന്നതുപോലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന് വീഡിയോ ചിത്രീകരണം ചെയ്യണമെന്ന് വാരണസി സിവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷന് ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വാരണസി ജില്ലാ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഈ വീഡിയോ സര്‍വ്വേ സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും വാരണസി ജില്ലാ കോടതി ചൊവ്വാഴ്ച ഹിന്ദു, മുസ്ലിം വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: