കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് സായുധ സേന പതാക ദിന സ്റ്റാമ്പ് നല്കി മോട്ടോര്‍ വാഹന വകുപ്പിന്റെ പണം പിരിവ്. കഴിഞ്ഞ ദിവസം ഫറോക്ക് ആര്‍ടിഒ ഗ്രൗണ്ടില്‍ ഡ്രൈവിങ് ലൈസന്‍സിനായി എത്തിയ ആളുകള്‍ക്കാണ് 20 രൂപയുടെ സ്റ്റാമ്പ് വിതരണം നടത്തിയത്.
ലൈസന്‍സ് വേണെങ്കില്‍ സ്റ്റാമ്പ് തീര്‍ച്ചയായും വാങ്ങണമെന്നും വണ്ടിയില്‍ ഒട്ടിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ വിതരണം ചെയ്യുന്ന സ്റ്റിക്കറിലുള്ള വര്‍ഷം 2020 ആണ്. കൊവിഡ് ബാധയെ തുടര്‍ന്ന് വിറ്റുതീര്‍ക്കാന്‍ പറ്റാത്ത സ്റ്റിക്കറാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, രണ്ട് വര്‍ഷം മുമ്പ് ഇറക്കിയ സ്റ്റിക്കര്‍ ഇപ്പോള്‍ ഉപയോഗിക്കാനുള്ള അനുമതി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വാങ്ങിയതായി അറിവില്ല. സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയിട്ടുവാരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് ആരോപണമുയരുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനകള്ക്കെതിരെയും പരാതികള്‍ ഉയരുന്നുണ്ട്. കൊവിഡ് കാലത്തെ അനാവശ്യ യാത്രയുടെ പിഴ ഈടാക്കല്‍ അവസാനിപ്പിച്ച ശേഷം കാര്യമായ പരിശോധനകള്‍ നടന്നിരുന്നില്ല. എന്നാല്‍ നിലവില്‍ വീണ്ടും വാഹന പരിശോധനകള്‍ കര്‍ശനമാക്കി പിഴ ഈടാക്കല്‍ ആരംഭിച്ചിരിക്കുകയാണ്. മണ്‍സൂണ്‍കാല പരിശോധനയെന്ന പേരില്‍ ബസുകളില്‍ നടത്തുന്ന പരിശോധനക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബസുകളുടെ ഫിറ്റനസ് പരിശോധന നടത്തി പല ബസുകള്‍ക്കും അധികൃതര്‍ പിഴ ഈടാക്കുകയും സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ മാത്രം 2576 കേസുകളിലായി 56 ലക്ഷം രൂപയിലേറെയാണ് പിഴ ഈടാക്കിയത്.
ആദിത്യ തളിയാടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: