ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിനുശേഷം ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റി. ഒരേ പ്രധാനമന്ത്രിയുടെ കീഴില്‍ അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ തിരിച്ചുവരവ്, നീണ്ട ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിച്ചു. രണ്ടാം സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. മോദി സര്‍ക്കാര്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സേവനം, അച്ചടക്കമുള്ള ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയത്. പ്രധാനമന്ത്രിയുടെ പരിവര്‍ത്തനാത്മക നേതൃത്വത്തിന് കീഴില്‍, ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വലിയ വെല്ലുവിളികളുണ്ടായി. എന്നാല്‍ അതെല്ലാം നേരിട്ട് അദ്ദേഹം യഥാര്‍ത്ഥ നേതൃത്വം എന്താണെന്ന് തെളിയിച്ചു. സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കി മഹാത്മാഗാന്ധിയുടെ പ്രധാന സ്വപ്നം നിറവേറ്റി. ശുചിത്വത്തില്‍ ഇന്ത്യയുടെ കുതിപ്പ് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെയും ശക്തിപ്പെടുത്തി. ആരോഗ്യ പരിരക്ഷാ നിലവാരം മെച്ചപ്പെടുത്തി. വിനോദസഞ്ചാരത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം ഉറപ്പാക്കി. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും സര്‍ക്കാരുകളുടെ കഴിവിലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ സന്ദര്‍ഭത്തില്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഉറച്ച വിശ്വാസമുണ്ടായി. അദ്ദേഹത്തിന് അനുകൂലമായ വലിയ ജനവിധി നമ്മുടെ ജനാധിപത്യ ഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ വീണ്ടും ജ്വലിപ്പിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന, നിര്‍ണ്ണായകവും ഉള്‍ക്കൊള്ളുന്നതും അനുകമ്പയുള്ളതുമായ നേതൃത്വം സാധ്യമാകുമെന്ന, പ്രതീക്ഷയുടെ വിത്തുകള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ വിതച്ചു.
135 കോടി ഇന്ത്യാക്കാരുടെ ശക്തിയും നൈപുണ്യവും കൊണ്ട് ഊര്‍ജ്ജസ്വലമായ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മന്ത്രത്താല്‍ നയിക്കപ്പെടുന്ന മോദി സര്‍ക്കാര്‍ ദാരിദ്ര്യം തുടച്ചുനീക്കാനും സമൃദ്ധി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ക്ക് ഉണര്‍വേകി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, അന്ത്യോദയ എന്ന് വിളിച്ചതിന് അനുസൃതമാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അതായത് വരിയിലെ അവസാനത്തെ വ്യക്തിയേയും സേവിക്കുക.
ഇന്ത്യാക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗവും കൃഷിയെ ആശ്രയിക്കുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചിരുന്നവര്‍ വിരലിലെണ്ണാവുന്ന വന്‍കിട കര്‍ഷകരില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെറുകിട കര്‍ഷകരുടെ ചാമ്പ്യനായി മാറിയത് പ്രധാനമന്ത്രി മോദിയാണ്. പിഎം-കിസാന്‍ സമ്മാന്‍ പദ്ധതി കര്‍ഷകരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിച്ചു. സ്വാശ്രയത്വവും അന്തസ്സും സംരംഭകത്വവും ആഘോഷിക്കുന്ന ഒരു സംസ്കാരം കൊണ്ടുവന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നതിലെ മുന്നേറ്റം, പരിഷ്കാരങ്ങള്‍, പിഎല്‍ഐ പദ്ധതികളുടെ വിജയം എന്നിവയില്‍ ഇത് പ്രകടമാണ്.
ഇന്ത്യയിലെ യുവാക്കള്‍ അവസരത്തിനൊത്ത് ഉയരുകയും അവരുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തത് എങ്ങനെയെന്ന് സ്റ്റാര്‍ട്ട്-അപ്പുകള്‍ സ്ഥാപിക്കുന്നതിലുണ്ടായ മുന്നേറ്റത്തിലൂടെ നാം കണ്ടു. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രഖ്യാപനം സര്‍ക്കാര്‍ നയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയെ ഒരു സാമ്പത്തിക ശക്തികേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്ന 135 കോടി ഇന്ത്യക്കാരുടെ കൂട്ടായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
മോദി സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടു. ഉജ്ജ്വല പോലുള്ള പദ്ധതികള്‍, ബേഠി ബച്ചാവോ, ബേഠി പഠാവോ, സ്ത്രീകള്‍ക്ക് വീട് നല്കുന്ന പുരോഗമനപരമായ ചുവടുവയ്പ് എന്നിവ ഇതില്‍ ചിലതാണ്. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കാര്‍ഷികോത്പാദനക്ഷമതയില്‍ നേരിട്ട് സ്വാധീനം ചെലുത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് കെസിസി കാര്‍ഡുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ മത്സ്യമേഖലയില്‍ മികച്ച നേട്ടമുണ്ടാക്കി.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയിലൂടെ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ഉറപ്പാക്കി. സ്റ്റെന്റുകളുടെയും കാല്‍മുട്ട് ഇംപ്ലാന്റുകളുടെയും വിലക്കുറവ് എണ്ണമറ്റ ഇന്ത്യക്കാര്‍ക്ക് പുതുജീവനേകി.
മുപ്പതു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്നത് മോദി സര്‍ക്കാരിന്റെ കീഴിലാണ്. ഇന്ത്യ ഈ നയത്തിലൂടെ വിദ്യാഭ്യാസം, നവീകരണം, ഗവേഷണം എന്നിവയുടെ കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം അനുവദിക്കാനുള്ള തീരുമാനവും മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണത്തിലുള്ള വര്‍ധനവും എണ്ണമറ്റ അഭിലാഷങ്ങള്‍ക്ക് ചിറകു നല്കി. കോടിക്കണക്കിന് ആളുകളിലേക്ക് ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പ്രധാന മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന പിഎം-ജിഎടിഐ ശക്തി സംരംഭം പ്രധാന ഉദാഹരണമാണ്.
നമ്മുടെ വൈവിധ്യവും ഊര്‍ജ്ജസ്വലമായ വിശ്വാസങ്ങളും ഭാഷകളും സംസ്കാരങ്ങളും ആചാരങ്ങളുമാണ് ഇന്ത്യയുടെ ശക്തിയെന്ന് മോദി വീണ്ടും ഉയര്‍ത്തിക്കാട്ടി. വികസനത്തിന്റെ അരികില്‍ അവശേഷിക്കുന്ന മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അഭിലാഷ ജില്ലകള്‍ എന്ന പദ്ധതി കൊണ്ടുവന്നു.
മുമ്പ് അക്രമങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും പേരുകേട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ റെക്കോര്‍ഡ് വികസനത്തിന് പേരുകേട്ടതാണ്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തി. തീരപ്രദേശങ്ങളിലും ബജറ്റ് തുല്യശ്രദ്ധയാണ് നല്‍കിയത്.
ലോകത്തിന് വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു 2020. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു മഹാമാരിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഓരോ ചുവടിലും, മഹാമാരിയെ ചെറുക്കുന്നതിനുള്ള, ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള സമീപനത്തിന് പ്രധാനമന്ത്രി മോദി ഊന്നല്‍ നല്കി. കൊവിഡ് പ്രതിരോധ വാക്്സിനുകളിലൂടെ നിരവധി ജീവന് രക്ഷിച്ചു. മഹാമാരിയിലുടനീളം, 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി.
കഴിഞ്ഞ എട്ട് വര്‍ഷമായി, പരിസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും ഒരേ ദിശയില്‍ കൊണ്ടുപോകാമെന്ന് ഇന്ത്യ തെളിയിച്ചു. കൂടുതല്‍ തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന പുനരുജ്ജീവനം. ഇത് ഇന്ത്യയുടെ സംസ്കാരത്തിലുള്ള താല്‍പ്പര്യം ശക്തിപ്പെടുത്തുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കാശി വിശ്വനാഥ് ഇടനാഴിയാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. പ്രധാനമന്ത്രി മോദിയുടെ ‘ഇന്ത്യ ആദ്യം’ എന്ന വിദേശനയം ഫലം കണ്ടു.
2021 ഒക്ടോബര്‍ ഏഴിന്, പ്രധാനമന്ത്രി മോദി ഭരണനേതൃത്വത്തില്‍ 20 വര്‍ഷവും ഗുജറാത്ത് മുഖ്യമന്ത്രിയായി ഏകദേശം 12.5 വര്‍ഷവും പ്രധാനമന്ത്രിയായി 7.5 വര്‍ഷവും പൂര്‍ത്തിയാക്കി. രാഷ്ട്രനിര്‍മ്മാണത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നമുക്ക് ചുറ്റുമുള്ള സഹ ഇന്ത്യാക്കാരുടെ ജീവിതം രൂപാന്തരപ്പെടുന്നത് കാണുമ്പോള്‍, നമ്മുടെ രാജ്യത്തെ ശക്തിയുടെയും സമൃദ്ധിയുടെയും ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും സര്‍ക്കാരിന് സാധിച്ചു. അതില്‍ സന്തോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: