ഗുവാഹത്തി: അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷന് കത്തിച്ച അഞ്ച് പ്രധാന പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി അസമിലെ ഹിമന്ത സര്‍ക്കാര്‍.
മധ്യ അസമിലെ നഗാവോണ്‍ ജില്ലാ ഭരണകൂടമാണ് ഈ അഞ്ച് പ്രതികളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ജില്ലയിലെ സല്‍ബബാരി പ്രദേശത്തെ ആളുകളാണ് മത്സ്യവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബടദ്രാവ പൊലീസ് സ്റ്റേഷന് കത്തിച്ചത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജരേഖകള്‍ ചമച്ച് വീട് വെച്ചവരാണ് ഈ അക്രമികളെന്നും ഇവരുടെ വീടുകളാണ് ഇടിച്ചുനിരത്തിയതെന്നും സ്പെഷ്യല്‍ ഡിജിപി ജി.പി. സിങ്ങ് പറഞ്ഞു.
പ്രധാനപ്രതികള്‍ ഏഴ് പേര്
ബടദ്രാവ പൊലീസ് സ്റ്റേഷന് കത്തിച്ചതില്‍ പ്രധാനമായും ഏഴ് പേരാണ് ഉള്‍പ്പെട്ടിരുന്നത്. പൊലീസ് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സ്യവ്യാപാരിയായ 39 കാരന് സഫീല്‍ ഇസ്ലാമിലെ പൊലീസ് കസ്റ്റഡിയില്‍ കൊന്നു എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് കത്തിച്ചത്. മെയ് 20നാണ് മീന്വില്പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്. “സഫീല്‍ ഇസ്ലാമിനെ മെഡിക്കല്‍ ചെക്കപ്പിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളെ വിട്ടയച്ചതായി ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത പറയുന്നു. ഭാര്യയാണ് ഇയാളെ കൊണ്ടുപോയത്. ഭാര്യ തന്നെ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. പിന്നീടാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിര്‍ഭാഗ്യവശാല്‍ മരിച്ചു.”- പൊലീസ് പറയുന്നു.
പെട്രോളും ഡീസലും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന് കത്തിച്ചത്. അതുകൊണ്ട് തന്നെ ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പൊലീസ് കരുതുന്നത്. “കസ്റ്റിയില്‍ കൊന്നു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം എത്തിയത്. ഇതില്‍ എല്ലാവരും മരിച്ചയാളുടെ ബന്ധുക്കളല്ല. ക്രിമനല്‍ പശ്ചാത്തലമുള്ള ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന് കത്തിക്കുകയായിരുന്നു. “- ഡിജി പി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: