കോട്ടയം: റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു. പാതയിലെ സുരക്ഷാ പരിശോധന ഇന്ന് നടക്കും. ചിങ്ങവനം-ഏറ്റുമാനൂര്‍ പാതയില്‍ സുരക്ഷാ പരിശോധനയ്‌ക്കായി കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) അഭയ് കുമാര്‍ റായി കോട്ടയത്ത് എത്തി. ഇന്ന് രാവിലെ 8.30ന് പാറോലിക്കല്‍ ലെവല്‍ ക്രോസില്‍ നിന്ന് മോട്ടര്‍ ട്രോളി പരിശോധന ആരംഭിക്കുന്നത്.
പാറോലിക്കല്‍ ലവല്‍ ക്രോസില്‍ നിന്നു പാതയിലൂടെ 110 കിലോമീറ്റര്‍ വേഗത്തില്‍ 2 ബോഗികളുള്ള ട്രാക്ക് റെക്കോര്‍ഡിങ് കാര്‍ ഉപയോഗിച്ചാണു പരിശോധനയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലവല്‍ക്രോസ് മുതല്‍ ചിങ്ങവനം വരെ നടത്തും. ഇന്ന് തന്നെ വേഗ പരിശോധന പൂര്‍ത്തിയാക്കും. പിന്നീടാവും സിആര്‍എസ് സുരക്ഷാ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത്.
പഴയ പാതയും പുതിയതായി സ്ഥാപിച്ച പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. മുട്ടമ്പലം റെയില്‍വേ ക്രോസ് ഭാഗത്തും നാഗമ്പടം റെയില്‍വേ മേല്‍പാലത്തിനു സമീപവുമാണു പാതകള്‍ ബന്ധിപ്പിച്ചത്. റബര്‍ബോര്‍ഡ് മേല്‍പാലത്തിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ജോലികളും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: