Categories: Literature

വെളിച്ചം

കഥ

ഉദയകുമാര്‍ കലവൂര്‍

സമയം ഏതാണ്ട് പാതിരാത്രി കഴിഞ്ഞു.

അയാള്‍ക്ക് ഉറക്കം വന്നില്ല.

വല്ലാത്ത ഒരു ഭയം.

തിരിഞ്ഞും മറിഞ്ഞും കിടന്നു.

പിന്നെ; കുറച്ചുനേരം എഴു-

ന്നേറ്റ് കണ്ണും തുറന്ന് ഇരുന്നു.

നിരത്ത് വിജനമാണ്.

ഇടയ്‌ക്കൊക്കെ ഒറ്റപ്പെട്ട ചില

വാഹനങ്ങള്‍ കടന്നുപോയിക്കൊ-

ണ്ടിരുന്നു.

അടുത്തുള്ള വൈദ്യുത

പോസ്റ്റിലെ വിളക്ക് മുനിഞ്ഞു കത്തു

ന്നുണ്ട്.

അതിനു ചുററും ഏതാനും കുഞ്ഞു പറവകള്‍ ധൃതിയില്‍ വലം വെയ്‌ക്കുന്നു.

കുറച്ചു ദിവസങ്ങളായി ഇങ്ങനെയാണ്.

തല ചായ്‌ക്കുമ്പോഴേക്കും

എന്തോ ഒരു അസ്വസ്ഥത ഉള്ളില്‍ നുര പൊന്തും.

പക്ഷേ; എന്താണു കാരണം

എന്നു അയാള്‍ക്ക് പിടികിട്ടിയില്ല.

അയാള്‍ അതേപ്പറ്റി ഗഹനമായി ചിന്തിച്ചു കൊണ്ടിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി.

അങ്ങനെയിരിക്കെ, പെട്ടെന്ന് ഒരു ദിവസം അയാള്‍ക്ക് അതു ബോദ്ധ്യമായി.

ഒരു വെളിപാട് പോലെയായിരുന്നു അത്.

അയാളുടെ സ്വത്ത് ആരെങ്കിലും തട്ടി എടുക്കുമോ?

ആ ആശങ്കയാണ് അയാളെ അലട്ടുന്നത്.

പിന്നെ; താമസിച്ചില്ല.

അയാള്‍ ചാടി എഴുന്നേറ്റു.

സമീപത്ത് കിടന്നിരുന്ന ഒരു തെരുവുനായ പെട്ടെന്ന് തലയുയര്‍ത്തി അയാളെ നോക്കി. വീണ്ടും തലതാഴ്‌ത്തി കിടന്നു.

അരികെ, ഭദ്രമായി സൂക്ഷിച്ചിരുന്ന അലൂമിനിയം പാത്രം അയാള്‍ കയ്യില്‍ എടുത്തു.

വളരെക്കാലമായി സന്തത സഹചാരിയാണ് അത്.

കാലപ്പഴക്കം മൂലം വല്ലാതെ മുഷിഞ്ഞിട്ടുണ്ട്. അങ്ങിങ്ങായി ചില ചളുക്കലുകളും വീണിട്ടുണ്ട്.

അയാള്‍ ഇരുട്ടിലൂടെ ഇറങ്ങി നടന്നു.

 കുറച്ച് അകലെയുള്ള കുന്നിന്‍ ചരുവില്‍ ചെന്നു നിന്നു.

കിഴക്കേ മാനത്ത് അരണ്ട നിലാവ് ഉണ്ട്.

കയ്യിലിരുന്ന പാത്രം അയാള്‍ ഒന്നു തിരിച്ചും മറിച്ചും നോക്കി.

അതിനോട് ഇപ്പോള്‍ അയാള്‍ക്ക് അതിയായ ഒരു മമത ഉണ്ടെന്ന് അയാള്‍ക്ക് തോന്നി.

എങ്കിലും മനസ്സില്ലാമനസ്സോടെ അയാള്‍ അത് തൊട്ടടുത്ത പുഴ മദ്ധ്യത്തിലേക്ക് വലിച്ചെറിഞ്ഞു.

നേരിയ തിളക്കത്തോടെ അത് ഓളപ്പരപ്പിലൂടെ അകലേക്ക് ഒഴുകി മറഞ്ഞു.

വീണ്ടും അയാള്‍ കടത്തിണ്ണയിലേക്കു തന്നെ വന്നു.

കീറപ്പഴന്തുണി ചുളുങ്ങിക്കിടന്നിരുന്നു.

അത് എടുത്ത് ഒന്നുകൂടി കുടഞ്ഞു വിരിച്ചു.

അതില്‍ നീണ്ടു മലര്‍ന്നു കിടന്നു.

കയ്യുകള്‍ ഇരു വശങ്ങളിലുമായി വിടര്‍ത്തി വെച്ചു.

എവിടെ നിന്നോ ഒരു വെള്ളിവെളിച്ചം വന്ന് മെല്ലെ; മൃദുവായി അയാളെ തൊട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: കഥ