കോട്ടയം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് വിന്‍സന്റ് സാമുവല്‍. കേസുമായി ബന്ധപ്പെട്ട് കോട്ടയത്ത് അന്വേഷണ സംഘം മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേസിലെ സാക്ഷിയും പ്രധാന തെളിവുകളും പുറത്തുവിട്ട സംവിധായകന് ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാം. അതല്ലാതെ ദിലീപിന്റെ ജാമ്യത്തിനായി താന്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും ബിഷപ്പ് അറിയിച്ചു. തനിക്ക് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടീച്ചെന്ന് വിശ്വസിപ്പിച്ച് ബാലചന്ദ്ര കുമാര്‍ പണം തട്ടാന്‍ ശ്രമിച്ചതായി ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്.
വൈദികനായ വിക്ടറുമായി ബാലചന്ദ്രകുമാര്‍ വീട്ടില്‍ വന്നു കണ്ടുവെന്നും കൂടുതല്‍ പണം നല്‍കാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു കോടതിയില്‍ ദിലീപ് ബോധിപ്പിച്ചത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് ദിലീപിനെതിരായ കേസ് വീണ്ടും സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: