വേനല്‍മഴ കനത്തതോടെ കണ്ണീര് വാര്‍ക്കുന്നത് കേരളത്തിലെ നെല്‍കര്‍ഷകരാണ്. ഈ കണ്ണീരു വീണ് നെല്ലറകള്‍ നിറയുന്നു. വിതയ്ക്കാനും കൊയ്യാനും കഴിയാതെ വലിയൊരു വിഭാഗം കര്‍ഷകര്‍ വലയുമ്പോള്‍ കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാവാത്തത് കര്‍ഷകരെ പിച്ചപ്പാളയെടുപ്പിക്കുകയാണ്. നിലം ഉഴുന്നതു മുതല്‍ നെല്ല് സഭരിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും കര്‍ഷകര്‍ കണ്ണില്‍ച്ചോരയില്ലാത്ത ചൂഷണത്തിനിരയാവുന്നു. പല പണികള്‍ക്കും വേണ്ടത്ര തൊഴിലാളികളെ കിട്ടുന്നില്ല. ധാരണകളൊക്കെ കാറ്റില്‍പ്പറത്തി ട്രാക്ടറുകള്‍ വന്‍തുകയാണ് ഈടാക്കുന്നത്. ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് നെല്ല് സംഭരിക്കാന്‍ മടിക്കുന്നവര്‍ കുറഞ്ഞ വിലയ്ക്ക് വില്ക്കാന് കര്‍ഷകരെ നിര്‍ബന്ധിക്കുകയാണ്. നെല്ല് തൂക്കിവാങ്ങുന്നതില്‍ പോലും തട്ടിപ്പുകള്‍ വ്യാപകം. ഒരു ഭാഗത്ത് യൂണിയനും മറുഭാഗത്ത് ഉദ്യോഗസ്ഥരും നെല്‍കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കാതെ ഞെരുക്കുകയാണ്. കടക്കെണിയാണ് ഒട്ടുമിക്ക കര്‍ഷകരുടെയും നീക്കിയിരുപ്പ്. തോരാമഴയില്‍ കൃഷിനാശം സംഭവിക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ മുമ്പില്‍ കാണുന്നില്ല. ജീവിതം വഴിമുട്ടി എത്ര കര്‍ഷകര്‍ മരണം വരിച്ചാലും ഭരണാധികാരികളുടെ മനസ്സ് മാറുന്നില്ല.
നെല്‍കൃഷിയുടെ കാര്യത്തില്‍ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാരിന് ഒരു കൃഷിവകുപ്പുണ്ട്. അതിനൊരു മന്ത്രിയുമുണ്ട്. ഉദ്യോഗസ്ഥരുടെ ഒരു വന്‍പടയുമുണ്ട്. എന്നിട്ടും നെല്‍കൃഷി മെച്ചപ്പെടുത്താന്‍ ഇവര്‍ക്കാവുന്നില്ല. കൂടുതല്‍ കൃഷിക്കാരെ രംഗത്തിറക്കാനോ കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കാനോ കൃഷി ലാഭകരമാക്കാനോ ആത്മാര്‍ത്ഥമായ യാതൊരു പ്രവര്‍ത്തനവും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം. അഴിമതിയുടെ കൊയ്ത്തു മാത്രമാണ് എവിടെയും. രണ്ടും കല്‍പ്പിച്ച് കൃഷിയിറക്കാന്‍ രംഗത്തിറങ്ങുന്ന കര്‍ഷകരെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അതൊക്കെ ചെയ്തിരിക്കും. അവന്റെ നടുവൊടിച്ചേ പിന്മാറൂ. അഞ്ച് രൂപയുടെ സബ്സിഡി അനുവദിച്ചാല്‍ അതില്‍ നാലു രൂപയും കൈക്കൂലിയായി വിതരണം ചെയ്യപ്പെടും. ഒരു രൂപ മാത്രമാണ് കര്‍ഷകന്റെ കയ്യിലെത്തുക. തരിശുഭൂമിയില്‍ കൃഷിയിറക്കുമെന്ന് സ്ഥാനമേറ്റെടുക്കുന്ന കൃഷിമന്ത്രിമാരൊക്കെ വലിയ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. മാധ്യമങ്ങള്‍ക്കു മുന്നില്‍ ചില പ്രഹസനങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും നെല്‍കൃഷിയുടെ വിസ്തൃതി നാള് ചെല്ലുന്തോറും കുറഞ്ഞുവരികയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. േനരെമറിച്ചാണ് തമിഴ്നാട്ടിലെ അവസ്ഥ. അവിടെ വര്‍ഷംതോറും കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിച്ചുവരികയാണ്.
കൃഷിയില്ലാതെ ഒരു രാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. മാറിവരുന്ന കാലത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി ശാസ്ത്രീയമായ അറിവുകള്‍ കൃഷിക്ക് ഉപയുക്തമാക്കണം. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇങ്ങനെയൊരു ചിന്തയില്ല. നെല്‍കൃഷിയെയാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. മഴ പെയ്ത് വെള്ളം കയറി നെല്‍കൃഷി നശിച്ചു എന്ന മുറവിളിയാണ് എങ്ങും. എത്ര വെള്ളം പൊങ്ങിയാലും നശിക്കാത്ത ഒരു നെല്ലിനം നമുക്കുണ്ടായിരുന്നു- പൊക്കാളി. ഉപ്പുവെള്ളംപോലും പ്രശ്നമല്ലായിരുന്നു. കുട്ടനാട്ടിലും മറ്റും ഒരുകാലത്ത് ഈ ഇനം സമൃദ്ധമായി കൃഷി ചെയ്തിരുന്നു. നല്ല വിളവ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പൊക്കാളി ഏറെക്കുറെ അന്യംനിന്നു കഴിഞ്ഞു. കൃഷിയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്തതിന്റെ പ്രശ്നമാണിത്. കേരളത്തിന് ഒരു കാര്‍ഷിക സര്‍വ്വകലാശാലയുണ്ടെങ്കിലും നെല്‍കൃഷി മെച്ചപ്പെടുത്തുന്നതില്‍ എന്ത് പങ്കാണ് ഈ സ്ഥാപനം വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സിഎംഎഫ്ആര്‍എയും കുഫോസുമൊക്കെ മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കര്‍ഷകരിലേക്കിറങ്ങുന്നതുപോലെയുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഈ നില തുടരാന്‍ അനുവദിച്ചാല്‍ കേരളത്തിന് അതിജീവിക്കാനാവില്ല. നവകേരളത്തിന് വേണ്ടത് സില്‍വര്‍ലൈനല്ല, നെല്‍കൃഷിയാണെന്ന് തിരിച്ചറിയുന്ന ഭരണാധികാരികള്‍ അധികാരത്തിലേറിയാലല്ലാതെ പ്രതീക്ഷയ്ക്ക് വകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: