പി.എന്‍. രാജേഷ് കുമാര്‍
വാക്കുകള്‍ കത്തിച്ചു തീകായുന്നൊരു
കൂട്ടുകാരന്വന്ന് വാതിലില്‍ മുട്ടുന്നു
വാതില്‍തുറന്നു ഞാന്‍ നോക്കവേ കാണുന്നു
അഗ്നികോണിലാളിപ്പടരുന്ന വാങ്മയം…
കത്തിയമരും സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍,
ഇടയില്പൊട്ടിത്തെറിക്കുന്ന ചില്ലക്ഷരങ്ങള്‍
കൂട്ടുകാരാ, നിന്റെ കൂട്ടക്ഷരങ്ങള്‍
കാട്ടുതീപോലിന്നു പടര്‍ന്നിടുന്നു…
കാണേണ്ടതാമസം ഓടിവന്നെന്നുടെ
കയ്യില്പ്പിടിയ്ക്കുന്നു ഉറ്റതോഴന്‍
വാഗഗ്നിജ്വാലകള്ക്കൊപ്പമുയരുന്നു
ചുണ്ടിലെരിയുന്ന ബീഡിപ്പുകച്ചുരുളുള്…
നെഞ്ചിലെ വാടാത്ത പനിനീര്‍ദളങ്ങള്‍
പച്ചയ്ക്കു കത്തുന്ന ഗന്ധംപരക്കുന്നു
ജഠരാഗ്നിജ്വാലകള്‍ വാനില്കുറിക്കുന്നു
ചോരമണമൂറു, മത്താഴക്കഥകള്…
വീണുടയുന്നൊരാ കാഴ്ചയന്ത്രത്തിന്റെ
അസ്ഥികൂടം തീയില്‍ നൃത്തംചവിട്ടുന്നു
കരിയാത്ത മുറിവുകള്ക്കുള്ളം
കത്തുമ്പോളുയരുന്നു
നോവിന്റെ ഭൂപടങ്ങള്‍…
അലയുന്നപക്ഷി വെയില്തിന്നുറങ്ങുന്ന
കനവിന്റെ ചില്ലകള്‍ കത്തിവീഴുന്നു
രതിയുടെ മൃതിചിത്രമെരിയുന്ന തീയില്‍
സ്മൃതിയുടെ നിഴലുകളെണ്ണപകരുന്നു…
ചിരിതൂവി നീയിന്നകത്തേയ്ക്ക് പോരൂ നമുക്കൊരുമിച്ചു കണ്ണീര്‍ക്കഥ പറയാം
വിഷമുള്ളദ്രവമല്പം നുകര്‍ന്നിരിക്കാം
മെല്ലെ, മൃത്യുവിന് ചുംബനമേറ്റുവാങ്ങാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: