ന്യൂദല്‍ഹി : ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് കണ്ടെത്തല്‍. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടേതാണ് ഈ കണ്ടെത്തല്‍.
പ്രതികളെ കൊലപ്പെടുത്താന്‍ ലക്ഷ്യംവെച്ച് മനപ്പൂര്‍വ്വം അവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതാണ്. വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2019 നവംബറിലാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവുലു എന്നീ നാല് പേരാണ് കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ ഡിസംബറില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു.
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ വെടിവെയ്ക്കുകയായിരുന്നുവെന്നായിരുന്നു പോലീസ് നല്കിയ വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകള്‍. കേസില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്റെ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: