ആലപ്പുഴ : മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡ് ആര്യാട് നോര്‍ത്ത് കോളനിയില്‍ ശശികുമാറിന്റെ മകന് ശ്യംകുമാറി(21)നെയാണ് തട്ടിക്കൊണ്ടുപോയത്. ശ്യാമിനെ പിടിച്ചുകൊണ്ടുപോയി ലോഡ്ജില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പോലീസെത്തി മോചിപ്പിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര് പോലീസ് പിടിയിലായിട്ടുണ്ട്. നൂറനാട് പാലക്കല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കണ്ടിരിയകത്ത് വീട്ടില്‍ ആദില്‍ മുഹമ്മദ് (വിച്ചു-18), കായംകുളം നഗരസഭ ആറാം വാര്‍ഡില്‍ എരുവ കുറ്റിത്തറ കിഴക്കേതില്‍ സഹീര്ഖാന് (20) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡുചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശ്യാംകുമാറിനെ കാണാതായത്. ശ്യാംകുമാറും സുഹൃത്തുക്കളായ അനസും അച്ചുവും ബെംഗളൂരുവില്‍ ജോലിചെയ്തിരുന്നു. ഈ പരിചയത്തില്‍ അച്ചുവിന്റെ ബൈക്കും ഫോണും ശ്യാംകുമാറും അനസും വായ്പയായി വാങ്ങി. തുടര്‍ന്ന് ഇരുവരും ഫോണ്‍ വില്‍ക്കുകയും ബൈക്ക് പണയപ്പെടുത്തുകയും ചെയ്തു. ഇത് തിരികെ ലഭിക്കാനായി മൂവരുടെയും മറ്റൊരു പരിചയക്കാരനായ സഹീര്ഖാന് വഴി അച്ചു, ശ്യാംകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ ശ്യാമിനെ തട്ടിക്കൊണ്ടുവന്ന് ആദിക്കാട്ടുകുളങ്ങരയിലെ ലോഡ്ജില്‍ പൂട്ടിയിടുകയായിരുന്നു. പണത്തിനായി ശ്യാമിനെ ഇവര്‍ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശ്യാമിന്റെ മെബൈലില്‍ നിന്നും വിളിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നത്. പണമാവശ്യപ്പെട്ട് ഭീഷണിവന്നതോടെ വീട്ടുകാര്‍ ഞായറാഴ്ച മണ്ണഞ്ചേരി പോലീസില്‍ പരാതിനല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹീര്‍ ഖാനേയും ആദിലിനേയും പോലീസ് പിടികൂടുകയും ശ്യാമിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തി മോചിപ്പിക്കുകയുമായിരുന്നു. എസ്എച്ച്ഒ പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ആര്. ബിജു, എസ്ഐമാരായ അശോകന്, ബി.കെ. വിനോദ്, സിപിഒമാരായ ഷാനവാസ്, കൃഷ്ണകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അതേസമയം പിടിയിലായവര്‍ മുന്നേയും ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകനും ആദില്‍ മുഹമ്മദിന്റെ സഹോദരനുമായ അച്ചുവിനും മറ്റൊരു സഹായിയേയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: