ലഖ്നോ: ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
വാരണസി കോടതി നിയോഗിച്ച മൂന്ന് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ഇരുസമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകസംഘത്തിന്റെ സാന്നിധ്യത്തില്‍ വീഡിയോ സര്‍വ്വേ നടന്നത്. മൂന്ന് ദിവസം നടത്തിയ സര്‍വ്വേയുടെ ഒടുവിലത്തെ ദിവസമാണ് മസ്ജദിലെ നിസ്കാരക്കുളത്തില്‍ (വാട്ടര്‍ ടാങ്ക്) ശിവലിംഗം കണ്ടെത്തിയത്. ഈ സര്‍വ്വേയുടെ റിപ്പോര്‍ട്ട് 19ന് വാരണസി കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടത്.
അതേ സമയം ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടും വീഡിയോ സര്‍വ്വേ നടത്തിയ പ്രക്രിയയും സ്റ്റേ ചെയ്യാന്‍ ഒവൈസി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതെല്ലാം 1991ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഒവൈസി അഭിപ്രായപ്പെടുന്നു. (ആരാധനാലയ നിയമമനുസരിച്ച് ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണ് അനുശാസിക്കപ്പെടുന്നത് )
ശിവലിംഗം കണ്ടെത്തിയ മസ്ജിദിനുള്ളില്‍ ഇടം മുദ്രവെച്ച് വേര്‍തിരിച്ചതോടെ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ തല്‍സ്ഥിതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട് മസ്ജിദിന്റെ മിര്‍ഹാബിന് പിന്നില്‍ പൂജ നടത്തിവന്നിരുന്നു എന്നത് ശരിയാണ്. സര്‍വ്വേ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ ഏകപക്ഷീയമായാണ് വാരണസി കോടതി ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടതെന്നും ഒവൈസി പറയുന്നു. ശിവലിംഗമായി പറയപ്പെട്ടത് വെറും ജലധാരയുടെ ഭാഗം മാത്രമാണെന്നും ഒവൈസി ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: