മുംബൈ: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അധികം വൈകാതെ നാവികസേനയ്ക്ക് കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. കടല്‍ പരിശീലനത്തില്‍ മുഴുകിയിരിക്കുന്ന കപ്പലില്‍ ഇനി കരുത്തേറിയ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഓഫ് ചെയ്തുമാണ് അടുത്ത ട്രയല്‍. ഇത് ഗോവയിലെ ഐഎന്‍എസ് ഹംന്സയില് 23ന് തുടങ്ങും.
അവിടെ താവളമടിച്ചിട്ടുള്ള യുഎസ് നിര്‍മ്മിത യുദ്ധവിമാനമായ എഫ്18 സൂപ്പര്‍ ഹോര്ണെറ്റുകളാണ് ഇതിന് ഉപയോഗിക്കുക. കപ്പലില്‍ 26 യുദ്ധവിമാനങ്ങളാണ് വിന്യസിക്കുക. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതുവിമാനമാണ് കപ്പലില്‍ കരുതേണ്ടത് എന്ന് തീരുമാനിക്കും. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയരുന്ന രണ്ട് സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ ലാന്‍ഡ് ചെയ്യും. ഈ പരീക്ഷണം നിരവധി തവണ നടക്കും. വിക്രാന്തിനു വേണ്ടി 26 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. അവയില്‍ എട്ടെണ്ണം രണ്ടു സീറ്റുകളുള്ള പരിശീലന വിമാനങ്ങളാണ്.
പീരങ്കിയും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും ബങ്കറുകള്‍ വരെ തുളച്ചു തകര്‍ക്കുന്ന ലേസര്‍ ഗൈഡഡ് ബോംബുകളും ഘടിപ്പിച്ചിട്ടുള്ള സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ശക്തമായ യുദ്ധവിമാനങ്ങളാണ്. ഫ്രഞ്ച് നിര്‍മിത റഫാലും പരീക്ഷിക്കും. യോജ്യമായവ കപ്പലില്‍ വിന്യസിക്കും. നിലവില്‍ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. രണ്ടു വിമാനങ്ങളും ഐഎന്‍എസ് വിക്രാന്തിനും വിക്രമാദിത്യയ്ക്കും യോജിച്ചവയാണ്. ഈ ആഗസ്ത് 15ന് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന് ചെയ്യും. ഇതോടെ രാജ്യത്തിന് രണ്ടു വിമാനവാഹിനികളാകും. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള രണ്ട് മുങ്ങിക്കപ്പലുകളും ഇന്ത്യയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: