തിരുവനന്തപുരം: ധൂര്‍ത്തും ആസൂത്രണമില്ലായ്മയും മൂലം കടക്കെണിയിലായ സംസ്ഥാനം നീങ്ങുന്നത് ദയനീയാവസ്ഥയിലേക്ക്. 2023ല്‍ ദൈനംദിന ചെലവിനു പോലും പണമില്ലാത്ത അവസ്ഥ വരുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയോടെ അവസാനിക്കും. 2023 മുതല്‍ കിഫ്ബി വായ്പകളുടെ തിരിച്ചടവ് ആരംഭിക്കും. ഇതോടെ സംസ്ഥാനം വലിയ തോതില്‍ അധിക വരുമാനം കണ്ടെത്തണം. മറ്റു വരുമാന മാര്‍ഗമില്ലാത്തതിനാല്‍ പൊതുഫണ്ടില്‍ നിന്നു വേണം ഇത് തിരിച്ചടയ്ക്കേണ്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കടമെടുക്കാനുള്ള അനുമതി കേന്ദ്രമാണ് കൊടുക്കേണ്ടത്. സിഎജിയുടെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിര്‍ദേശം കേരളവും അനുസരിക്കണം. ഇതോടെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം വരും. ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനംവരെ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദമുള്ളത്. അത് 32,425 കോടി വരും.
റവന്യൂ കമ്മി പരിഹരിക്കാന്‍ 13,000 കോടിയാണ് ഈ വര്‍ഷം കേന്ദ്രം അനുവദിച്ചത്. അതില്‍ 1090 കോടി ഇപ്പോള്‍ തന്നെ ലഭ്യമാക്കി. 1999-2000ലാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുണ്ടായത്. അന്ന് മൊത്തം ചെലവിന്റെ 37 ശതമാനമാണ് കടമെടുത്തത്. ഇപ്പോള്‍ കടമെടുത്തിരിക്കുന്നത് 39 ശതമാനത്തോളവും. 2001ല്‍ പ്രതിസന്ധി മൂലം സെക്രട്ടേറിയറ്റില്‍ നിന്ന് അയയ്ക്കേണ്ട കത്ത് സ്റ്റാമ്പ് ഒട്ടിക്കാനില്ലാതെ കെട്ടിക്കിടക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വീണ്ടും ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചത് 10,000 കോടിയാണ് ബാധ്യതയുണ്ടാക്കിയത്. സാമൂഹ്യക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചതും പൊതുമുതലില്‍ നിന്നു കണ്ടെത്തേണ്ടി വന്നു. കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ കൈയയച്ച് സഹായിക്കുന്നുണ്ട്. അനാവശ്യ വകുപ്പുകള്‍ സൃഷ്ടിച്ചതും സര്‍ക്കാരിന് നഷ്ടം വര്‍ധിപ്പിച്ചു. കേരളം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കടമെടുപ്പാണ് ഇപ്പോഴത്തേതെന്ന് സിഎജി തന്നെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: