ഇടുക്കി : വാഗമണ്ണില്‍ ഓഫ് റോഡ് റേസ് നടത്തിയതുമായി ബന്ധപ്പെട്ട് നടന് ജോജു ജോര്‍ജ് ഇന്ന് ഇടുക്കി ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല. ഇന്ന് ഹാജരാകുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാജരാകാത്തതിന് കാരണം വ്യക്തമല്ല. കളക്ടര്‍ നിരോധിച്ച റേസില്‍ പങ്കെടുത്തെന്ന് ആരോപിച്ചാണ് ജോജു ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇതോടൊപ്പം സംഘടകര്‍ക്കെതിരെയും സ്ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഓഫ്റോഡ് റൈഡുകള്‍ക്ക് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഇടുക്കിയില്‍ ചട്ടം മറികടന്ന് പരിപാടി സംഘടിപ്പിച്ചെന്നതാണ് പരാതി. കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് നടപടി. ജോജു ജോര്‍ജ് അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജു ജോര്‍ജിനെതിരെ നോട്ടീസ് നല്കാന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചത്.
വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ്റോഡ് റേസ് സംഘടിപ്പിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നായിരുന്നു ആര്‍ടിഒ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. കാരണം ബോധിപ്പിക്കുന്നതിനായി ഇന്ന് ആര്‍ടിഒ മുമ്പാകെ ഹാജരാകുമെന്നാണ് ജോജു ജോര്‍ജ് ആദ്യം അറിയിച്ചത്. സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര് ഇതിനകം ജാമ്യം എടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: