ചെറുവത്തൂര്‍: ജനങ്ങളുടെ വാക്കും കേട്ട് ബസ് വാങ്ങി പെര്‍മിറ്റുണ്ടാക്കാന്‍ ഇറങ്ങിയ ഉടമ ഒടുവില്‍ നിരാശനായി ബസ് വില്ക്കാന് ഒരുങ്ങുന്നു. കുട്ടമത്ത് സ്വദേശി ശരത്ത് കുമാറാണ് രണ്ട് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ സങ്കടത്തോടെ ‘കര്‍ണനെ’ വില്‍ക്കുന്നത്. നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറിയതോടെയാണ് തീരുമാനം.
സുള്ള്യയ്ക്ക് സമീപത്തെ തലപ്പച്ചേരി എന്ന കുഗ്രാമത്തില്‍ നിന്ന് മറ്റ് ബസൊന്നും സര്‍വീസ് നടത്താത്ത അടൂര്‍,പാണ്ടി, കുറ്റിക്കോല്‍, കൊട്ടോടി, ഉദയപുരം, കുമ്പള, പാറപ്പള്ളി, മാവുങ്കാല്‍ വഴി കാഞ്ഞങ്ങാടേക്ക് ബസ് ഓടിക്കാനായിരുന്നു ലക്ഷ്യം. 70 കിലോമീറ്ററിലേറെ ദൂരമുള്ളതിനാല്‍ മാവുങ്കാല്‍ നിന്ന് കാഞ്ഞങ്ങാട് വരെ 3.4 കിലോമീറ്റര്‍ നോട്ടിഫൈഡ് റൂട്ടിലോടാം. ഇതിനിടെ ഇനി മുതല്‍ പുതിയ ബസ്സ്റ്റാന്റില് നിന്നേ പെര്‍മിറ്റ് നല്‍കൂ എന്നായി അധികൃതര്‍. അങ്ങനെയെങ്കില്‍ നോട്ടിഫൈഡില് സ്വകാര്യ ബസിന് പരമാവധി 5 കിലോമീറ്ററേ ഓടാന്‍ അനുമതിയുള്ളൂ. 100 മീറ്റര്‍ അധികമാകുമെന്ന് കെഎസ്ആര്‍ടിസിയും വാദിച്ചു. ഇതോടെയാണ് ശരത്തിന്റെ സ്വപ്നം തൃശങ്കുവിലായത്. ജനങ്ങള്‍ക്ക് ഉപകരിക്കാത്ത പുതിയ ബസ്സ്റ്റാന്റ് മലയോര ജനങ്ങള്‍ക്ക് പാരയായി. എങ്കില്‍ വെള്ളിക്കോത്ത് വഴി ഓടാമെന്ന് പറഞ്ഞ് അപേക്ഷിച്ചെങ്കിലും പാണ്ടി ഭാഗത്ത് നല്ല റോഡല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ അതിനും ഉടക്കിട്ടു.
റോഡ് നന്നാക്കേണ്ടത് ബസുടമയാണോ എന്നും ബസിന് തേയ്മാനം കൂടുന്നതും സഹിക്കാന്‍ തയ്യാറായി വരുമ്പോള്‍ നിരുത്സാഹപ്പെടുത്തുകയാണോ വേണ്ടതെന്നും ശരത്ത് ചോദിക്കുന്നു. 2020ല്‍ വാങ്ങിയ ബസിന് വല്ലപ്പോഴും മറ്റ് റൂട്ടുകളില്‍ പകരക്കാരനായി ഓടേണ്ട അവസ്ഥയാണ്. ഇതോടെ തിരിച്ചടവും മുടങ്ങി. ജനപ്രതിനിധികള്‍ ഇടപെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും മലയോരത്തേക്ക് സര്‍വീസ് തുടങ്ങാന്‍ ശ്രമിക്കുന്നവരുടെയെല്ലാം പ്രയാസമാണെന്നും ശരത് പറയുന്നു. 14 ലക്ഷം ജനങ്ങളുള്ള ജില്ലയില്‍ 100 കെഎസ്ആര്‍ടിസി ബസിന് യാത്രാ ആവശ്യം നിറവേറ്റാന്‍ പറ്റാതിരിക്കെ സ്വകാര്യ ഉടമകളെ കുഴപ്പിക്കരുതെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: