തൃശൂര്‍:മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള് മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.
ഇപ്പോള്‍ മൂന്ന് തവണയായി വെടിക്കെട്ട് മഴ മൂലം മാറ്റിവെയ്ക്കേണ്ടി വന്നു. മെയ് 14 ശനിയാഴ്ച 6.30ന് വെടിക്കെട്ട് നിശ്ചയിച്ചിരുന്നെങ്കിലും മഴ മൂലം തൃശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നടന്നില്ല. തൊട്ട അടുത്ത ദിവസവും നടന്നില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ തൃശൂര്‍ നഗരത്തില്‍ മഴ തുടരുകയാണ്.
അടുത്ത ഏതെങ്കിലും ദിവസം വെയില് കണ്ടാല്‍ വെടിക്കെട്ട് നടത്തും. ഇല്ലെങ്കില്‍ പൊട്ടിച്ചുനശിപ്പിക്കുക എന്നത് തന്നെയായിരിക്കും പോംവഴി. കാരണം കരിങ്കല്‍ ഭിത്തികളും കട്ടിയുള്ള വാര്‍പ്പ് മേല്‍ക്കൂരയമുള്ള 600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതെങ്കിലും അധികം നാള് ഇവയെ സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയില്ല. കാരണം അധികം ചൂടും അധികം തണുപ്പും താങ്ങാന്‍ ഈ വെടിക്കോപ്പുകള്‍ക്ക് കഴിയില്ല. അതിനാല്‍ മുറി സുരക്ഷിതമെങ്കിലും അധികകാലം ഇവ സൂക്ഷിച്ചുവെയ്ക്കാനാകില്ലെന്ന് പെസോ(പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന്) അധികൃതര്‍ പറയുന്നു.
കാക്കനാട്ട് നാഷണല്‍ ആംസ് ഫാക്ടറിയില്‍ ഇതെല്ലാം പൊട്ടിച്ചുനശിപ്പിക്കാനാകുമെങ്കിലും ഉഗ്രസ്ഫോടനശേഷിയുള്ള വെടിക്കോപ്പുകളായതിനാല്‍ ഇത്ര ദൂരം കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് പെസോ അധികൃതര്‍ക്കുള്ളത്.
മുന്‍പ് 2006ല്‍ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. അന്ന് വെടിക്കോപ്പുകള്‍ ഓരോന്നായി ശ്രദ്ധപൂര്‍വ്വം പുറത്തെടുത്ത് പല ദിവസങ്ങളിലായി പൊട്ടിച്ച് നശിപ്പിക്കുകയായിരുന്നു. വെടിമരുന്ന് നീക്കം ചെയ്ത് നശിപ്പാക്കാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണത കാരണം ഇത് ബുദ്ധിമുട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: