ന്യൂദൽഹി: വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍. ഇതേ തുടര്‍ന്ന് ശിവലിംഗം കണ്ടതായി പറയുന്ന പ്രദേശം സീല്‍ ചെയ്യാന്‍ വാരണാസി കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം മൂന്നാം ദിവസമായ തിങ്കളാഴ്ചയും വീഡിയോ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ അവകാശപ്പെട്ടത്. മസ്ജിദിന്റെ വ്രതസ്നാനത്തിനുള്ള വാട്ടര്‍ ടാങ്കിലാണ് ശിവലിംഗം കണ്ടെത്തിയതെന്ന് പറയുന്നു. മസ്ജിദിനുള്ളില്‍ വീഡിയോ പരിശോധന നടത്തുന്നതിനിടയിലാണ് ശിവലിംഗം ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ഇത് ഒരു ശിവലിംഗമല്ല, വ്രതസ്നാന ടാങ്കിലെ ജലധാരയുടെ ഭാഗമായുള്ള കല്ലാണെന്ന് മസ്ജിദിന്റെ ചുമതലയുള്ളവര്‍ വാദിച്ചു. കോടതി ഉടന്‍ ഈ പ്രദേശം സീല്‍ ചെയ്ത് വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മാര്‍ച്ച് 17ന് വീഡിയോ ചിത്രീകരണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി നിയോഗിച്ച കമ്മീഷന്റെ നേരിട്ടുള്ള പരിശോധന തിങ്കളാഴ്ചയോടെ അവസാനിച്ചു. മസ്ജദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പരാതിക്കാരുടെ അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയിന്‍ വാരണാസി സിവില്‍ കോടതി ജഡ്ജി രവികുമാര്‍ ദിവാകറെ അറിയിച്ചു. ഇത് സുപ്രധാന തെളിവാണെന്നും ഹരിശങ്കര്‍ ജെയിന്‍ പറഞ്ഞു.
മൂന്നാം ദിവസമായ തിങ്കളാഴ്ചയും കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വീഡിയോ ചിത്രീകരണം. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുടങ്ങിയ സര്‍വ്വേയാണ് ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം തടസ്സമില്ലാതെ നടന്നത്.
ഞായറാഴ്ച സര്‍വ്വേ നടത്തുമ്പോള്‍ അഞ്ചാം നിലവറയ്‌ക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മണ്ണ് കണ്ടെത്തിയതായി ചില സംഘാംഗങ്ങള്‍ ആരോപിച്ചു. വൈറ്റ് സിമന്‍റും ചിലയിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹിന്ദു വിഗ്രഹങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രണ്ട് നിലവറകളുടെ ചിത്രീകരണമാണ് നടന്നത്. മസ്ജിദിനുള്ളില്‍ പാമ്പുകളുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പാമ്പാട്ടികളെയും വിളിച്ചിരുന്നു. സര്‍വ്വേ ടീമംഗങ്ങള്‍ക്ക് ഉള്ളിലേക്ക് മൊബൈല്‍ കൊണ്ടുപോകാനുള്ള അനുവാദമില്ലായിരുന്നു.
ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ ചിത്രീകരണം തടയണമെന്ന ഹര്‍ജിക്കാരായ മുസ്ലിംസംഘടനയുടെ ആവശ്യം നേരത്തെ സുപ്രീംകോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുസ്ലിം സമുദായം സര്‍വ്വേ നടപടികള്‍ തടയേണ്ടെന്ന് തീരുമാനിച്ചത്. വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണം നടത്തിയത്.
ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്ന് തെളിവുകള്‍ സഹിതമാണ് എട്ടുപേര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: