കോഴിക്കോട്: മാവൂരില്‍ ചാലിയാറിന് കുറുകെ മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണതില്‍ ന്യായീകരണവുമായി സര്‍ക്കാരും കരാര്‍ കമ്പനിയും. ജാക്കിയില്‍ ഉണ്ടായ തകരാറാണ് പാലം തകരാന്‍ കാരണമെന്നാണ് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ പറയുന്നത്. പാലത്തിന്റെ ബീം ചരിയാന്‍ ഇടയായത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില് ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണ്. നിര്‍മാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണ് സംഭവിച്ചതെന്ന് ഊരാളുങ്കല്‍ പറയുന്നു.
മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തുണുകളില് ഉറപ്പിക്കുന്നത് തൂണിനു മുകളില്‍ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തിനിര്‍ത്തും. തുടര്‍ന്ന് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്റ്റ്രെസ്സിങ്ങും ചെയ്യും. ശേഷം ബീം മെല്ലെ താഴ്ത്തി ഇതിന് മുകളില്‍ ഉറപ്പിക്കും. ഇതാണ് രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില് ഒന്ന് പ്രവര്ത്തിക്കാതാകുകയായിരുന്നു.
അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മാണത്തില്‍ ഒരു സ്പാനിനെ (സ്ലാബിനെ) താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണ് വേണ്ടത്. അതില്‍ ഒരരികിലെ ബീമാണ് ചാഞ്ഞത്. അത് നടുവിലെ ബീമില്‍ മുട്ടിയിരുന്നു. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണ് മറിഞ്ഞത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവര്‍ത്തിക്കാതായതാണെന്നും അവര്‍ ന്യായീകരിക്കുന്നു.
അപകടത്തില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച മൂന്നു ബീമുകളാണ് തകര്‍ന്നുവീണത്. രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. പാലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നിലംപൊത്തിയത്. നാലു ദിവസം മുമ്പാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: