കണ്ണൂര്‍: ഔഷധിയുടെ പരിയാരം ഉപകേന്ദ്രം സര്‍ക്കാരിന് പാട്ടക്കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത് 26,53,64780 രൂപ. പാട്ടവ്യവസ്ഥയില്‍ ഇപ്പോള്‍ 83.44 ഏക്കര്‍ ഭൂമിയാണ് ഔഷധിക്കുള്ളത്. 2000 ലാണ് ഇവിടെ മെഡിസിനല്‍ പ്ലാന്റേഷന് പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്തിട്ട് 22 വര്‍ഷമായെങ്കിലും പാട്ടത്തുകയില്‍ ഇതുവരെയും ആനുപാതികമായ വര്‍ധന വരുത്തിയിട്ടില്ല. ഡെമോണ്സ്ട്രേഷന് ഗാര്ഡന്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെര്‍ബല്‍ ഗാര്ഡന്, ഔഷധസസ്യ നഴ്സറി എന്നിവയാണ് ഇവിടെയുള്ളത്.
പാട്ടക്കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്. 2005ന് ശേഷം സമര്‍പ്പിച്ച അപേക്ഷകളും പാട്ടത്തുകയും നിരസിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി സെക്രട്ടറി പറയുന്നു. ഔഷധിയും റവന്യു വകുപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആക്ഷേപം.
ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക് ആയുര്‍വേദ മരുന്ന് ലഭ്യമാക്കുന്നതിനാണ് ഔഷധി ആരംഭിച്ചത്. എന്നാല്‍ പരിയാരം ഉപകേന്ദ്രത്തില്‍ ഔഷധസസ്യങ്ങളുടെ ഉത്പാദനവും പരിപാലനവും മാത്രമാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും ഔഷധി ഭരണസമിതിയുടെയും തീരുമാന പ്രകാരമാണ് ഔഷധച്ചെടികള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്ക്ക് സൗജന്യമായും സ്വകാര്യ വ്യക്തികള്‍ക്ക് തുക ഈടാക്കിയുമാണ് തൈകള്‍ നല്‍കുന്നത്.
നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചിട്ടും പാട്ടക്കുടിശ്ശിക പോലും നല്കാനാവാത്ത വിധം പ്രതിസന്ധി എങ്ങനെയുണ്ടായെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഔഷധിയില്‍ നിന്ന് ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്കും ആശുപത്രികളിലേക്കും നല്കുന്ന മരുന്നുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണവും നല്‍കാറുണ്ട്. ഓരോ വര്‍ഷവും പാട്ടക്കുടിശ്ശിക കണ്ടില്ലെന്ന് നടിച്ചതാണ് ഇത്രയും ഭീമമായ ബാധ്യതവരാന്‍ കാരണമായത്. ഔഷധിയുടെ കെടുകാര്യസ്ഥതയ്ക്ക് സര്‍ക്കാരും വര്‍ഷങ്ങളായി കൂട്ട് നില്‍ക്കുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: