രവി കൃഷ്ണന്‍
രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ പതിവില്ലാത്ത ഒരു ഉന്മേഷകുറവ്. പരസ്യക്കാര്‍ പറയുന്നതുപോലെ തൊണ്ടയില്‍ ഒരു കിരുകിരുപ്പ്. അതുകൊണ്ടു തന്നെ പതിവ് നടത്തം ഇന്നു വേണ്ട. പുറത്ത് നല്ല മഞ്ഞുണ്ട്.
അടുക്കളയില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന സുമിയുടെ അടുത്തെത്തി. പ്രഭാത ഭക്ഷണം തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു അവള്‍. എങ്കിലും കുടിക്കാന്‍ കുറച്ചു ചൂടുവെള്ളം ആവശ്യപ്പെട്ടു. അതേസമയം തന്നെ അറിയാതെ വന്ന തുമ്മല്‍. ഒന്നല്ല രണ്ടു പ്രാവശ്യം. അതോടെ അവളുടെ സംശയത്തിന്റെ കണ്ണുകള്‍ തനിക്ക് നേരെ ചൂഴ്ന്നു വരുന്നതറിഞ്ഞു.
”ഈശ്വര… തലയില്‍ കൈവച്ച് അവള്‍ വിലപിക്കാന്‍ തുടങ്ങി.
”മാസ്‌ക് വെച്ചേ വെളിയില്‍ ഇറങ്ങാവൂ എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു ഏട്ടാ… പുറത്തുനിന്നും വന്നാല്‍ സാനിറ്റൈസേഷന്‍ പോലും ശരിയാവണ്ണം ഏട്ടന്‍ ചെയ്യാറില്ല. ഇപ്പോള്‍ കണ്ടില്ലേ?”
കാര്യമറിയാതെ അവളെ തുറിച്ചുനോക്കുമ്പോള്‍ കേട്ടു, പുറകില്‍നിന്നും മകളുടെ ശബ്ദം.
”ഡാഡി… യു ആര്‍ നോട്ട് സീരിയസ്… നെക്സ്റ്റ് വീക്ക് എനിക്ക് ഫ്‌ളൈ ചെയ്യാനുള്ളതല്ലേ. ആര്‍ടിപിസിആര്‍ ഈസ് മസ്റ്റ് നൗ.”
മകളുടെ പരിദേവനം കൂടി കേട്ടതോടെ കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നു!
എങ്കിലും തന്റെ ഭാഗം കൂടി വ്യക്തമാക്കേണ്ടതുണ്ടല്ലോ.
”മോളെ… നിങ്ങള്‍ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാതെ. ഇത് തണുപ്പ് അടിച്ചതിന്റെ പ്രശ്‌നം മാത്രമേ ഉള്ളൂ. അല്ലാതെ…” മാത്രമല്ല ഞാന്‍ ഈയിടെ പുറത്തൊന്നും പോകുന്നില്ലല്ലോ.
നിങ്ങള്‍ മമ്മിയും മോളും കൂടിയല്ലേ വീക്കന്‍ഡില്‍ മാളിലും ഷോപ്പിങ്ങിനും മറ്റും പോയത്.
”നോ… ഏട്ടന്റെ കാര്യത്തില്‍ എനിക്ക് വേവലാതിയുണ്ട്. അതുകൊണ്ട് ഇന്നു തന്നെ ടെസ്റ്റ് എടുത്തേക്കാം…എന്താ?”
അവള്‍ വിടാന്‍ ഭാവമില്ല.
ഒരു നിമിഷം അന്തി പാര്‍ട്ടിയിലെ മേനോന്‍ പറഞ്ഞ അനുഭവം ഓര്‍ത്തു. ജലദോഷം എന്നു കരുതിയത് പിന്നെ ടെസ്റ്റില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവത്രേ!
”എങ്കില്‍ ഒറ്റ കണ്ടീഷന്‍… അവളുടെ ജിജ്ഞാസ വര്‍ധിക്കുന്നതറിഞ്ഞു. നമ്മള്‍ മൂന്ന് പേര്‍ക്കും ടെസ്റ്റു വേണം.”
”അത് എന്തിന്? ഏട്ടന്‍ അല്ലെ തുമ്മിയത്. ഏട്ടന്റെയല്ലേ വോയിസ് മാറിയത്.” അമ്മയും മകളും പരസ്പരം നോക്കി.
”എങ്കില്‍ ശരി മമ്മി.. ഒരുമിച്ചു നോക്കിയാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ. ഫാമിലി ഓഫറും കിട്ടും!”
ഓഫര്‍ എന്നത് തനിക്ക് പുതിയ അറിവ് ആയിരുന്നു.
അതോടെ കാര്യങ്ങള്‍ക്ക് വേഗതയേറി.
മകള്‍ തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തു.
നിമിഷങ്ങളുടെ കാത്തിരിപ്പായിരുന്നു പിന്നീട്.
ഇനിയെന്ത്?
മേനോന്റെ വാക്കുകള്‍ തനിക്ക് നേരെ അറംപറ്റുമെന്നു കരുതിയില്ല. എല്ലാം അനുഭവിക്കുക തന്നെ. ശരീരം കുളിരുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഇതും മേനോന്‍ പറഞ്ഞ ലക്ഷണത്തില്‍ പെടുമോ?
മണിക്കൂറുകള്‍ പിന്നിടുമ്പോഴും ടെസ്റ്റ് റിസള്‍ട്ട് മകളുടെ മൊബൈലില്‍ തന്നെയെത്തിയതറിഞ്ഞു.
”ഡാഡി… റിസള്‍ട്ട് വന്നു. യുആര്‍ സേഫ്!
ഞാനും മമ്മിയും….”
അവള്‍ പറഞ്ഞു തീരും മുന്‍പേ വാക്കുകള്‍ അറിയാതെ വന്നു.
”കൊള്ളാം… ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ തീര്‍ന്നല്ലോ” തിരിഞ്ഞപ്പോള്‍ സുമിയെ അവിടെയെങ്ങും കണ്ടില്ല.
”മമ്മി മുറിയില്‍ കയറി. തല്‍ക്കാലം ഇപ്പോള്‍ കാണണ്ട…ട്ടോ.” ഒരു പുഞ്ചിരിയോടെ അവള്‍ തന്റെ മുറിയിലും കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: