ന്യൂദൽഹി: വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം വീഡിയോ ചിത്രീകരണം ശനിയാഴ്ച തുടങ്ങി. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മടങ്ങിയ സര‍്വ്വേയാണ് ശനിയാഴ്ച നടന്നത്. വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റ് കൗശള്‍ രാജ് ശര്‍മ്മ ഇരുവിഭാഗത്തെയും സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. ഇത് പ്രകാരമാണ് ശനിയാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെ നാല് മണിക്കൂര്‍ വീഡിയോ ചിത്രീകരണം നടത്താന്‍ തീരുമാനമായത്. ഇരുവിഭാഗത്തോടും സംയമനം പാലിക്കാനും കൗശല്‍ രാജ് ശര്‍മ്മ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇരുസമുദായത്തില്‍ നിന്നുള്ളവരും സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വീഡിയോ ചിത്രീകരണം നടന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങള്‍ എല്ലാം അടച്ചിരുന്നു. ശനിയാഴ്ച നാല് മണിക്കൂര്‍ നേരം ഗ്യാന്‍വാപി മസ്ജിദിന്റെ സര്‍വ്വേ നടത്തി. ഇനി ഞായറാഴ്ച രാവിലെ 8 മണിക്ക് വീണ്ടും സര്‍വ്വേ പുനരാരംഭിക്കും. അതേ സമയം ശനിയാഴ്ച വീഡിയോ ചിത്രീകരണം നടക്കുമ്പോള്‍ മന്ദിരത്തില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ട സാഹചര്യം ഒരുക്കിയിരുന്നതായി കാശി സോണ്‍ ഡിഎസ്പി ആര്‍.എസ്. ഗൗതം പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ ചിത്രീകരണം തടയണമെന്ന ഹര്‍ജിക്കാരായ മുസ്ലിംസംഘടനയുടെ ആവശ്യം വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. പകരം അടുത്തയാഴ്ച ഈ സംഘടനയുടെ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്.
ഗ്യാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് കഴിഞ്ഞ ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മടങ്ങുകയായിരുന്നു. വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്.
ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്ന് തെളിവുകളോടെ എട്ടുപേര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: