ജമ്മു: ‘രാഹുല്‍ ഭട്ട് അമര്‍ രഹേ’ എന്ന മുദ്രാവാക്യവുമായി ആയിരങ്ങള്‍ കശ്മീര്‍ താഴ്വരയില് പ്രതിഷേധം തീര്‍ത്തു. ഭീകരര്‍ വെടിവച്ചു കൊന്ന സര്ക്കാരുദ്യോഗസ്ഥന് രാഹൂല്‍ ഭട്ടിന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷമാണ് ബുദ്ഗാമിലും കശ്മീര്‍ താഴ്വരയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥനായ രാഹുലിനെ ചദൂരയിലെ താലൂക്ക് ഓഫീസില്‍ കയറിയാണ് ഭീകരര്‍ വെടിവച്ച് കൊന്നത്. കശ്മീര്‍ പണ്ഡിറ്റുകളെ പ്രത്യേകം ലക്ഷ്യം വച്ചുള്ള കൊലപാതകമായിരുന്നു ഇത്.
രാഹുലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭീകരര്‍ക്കെതിരെ പണ്ഡിറ്റ് സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധവൂമായി രംഗത്തെത്തുന്നത് താഴ്വരയിലെ പുതിയ കാഴ്ചയാണ്. സുരക്ഷയും നീതിയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് പണ്ഡിറ്റുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ബുദ്ഗാമിലെ സര്‍ക്കാര്‍ ജീവനക്കാരും കുടുംബങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ലഫ്റ്റനന്റ് ഗവര്‍ണര്‍ തങ്ങളോട് സംസാരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമാധാനപരമായിട്ടാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഭരണാധികാരികള്‍ മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനന്തനാഗില്‍ പ്രകടനം നടത്തിയ കശ്മീരി പണ്ഡിറ്റ് എംപ്ലോയീസ് അസോസിയേഷന് സുരക്ഷിതമായി ജീവിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് രാഹുല്‍ ഭട്ടിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: